മുസ്ലിംലീഗിൽ നിന്നും നീതി ലഭിച്ചില്ല; ഫാത്തിമ തഹ്​ലിയ

മലപ്പുറം: എം.എസ്​.എഫി​ന്‍റെ വനിത വിഭാഗമായ ഹരിതയോട്​​ മുസ്​ലിം ലീഗ്​ നീതി കാണിച്ചില്ലെന്ന് ​ദേശീയ വൈസ് പ്രസിഡന്‍റ്​​​ ഫാത്തിമ തഹ്​ലിയ. സ്വാഭാവിക നീതി ഹരിതക്ക്​ ലഭിച്ചില്ല.എന്നാൽ, പാർട്ടിയിലുള്ള പ്രതീക്ഷ കൈവിടുന്നില്ല. പെൺകുട്ടികളുടെ ശബ്​ദമാണ്​ ഹരിതയെന്ന സംഘടന. പ്രശ്​നത്തിൽ എം.എസ്​.എഫിനെ പിന്തുണച്ച്​ മുസ്​ലിം ലീഗ്​ സംസ്ഥാന നേതൃത്വത്തിന്​ കത്ത്​ നൽകിയിട്ടുണ്ട്​. പാർട്ടിയിലെ ചില നേതാക്കളുടെ പിന്തുണയും തങ്ങൾക്കുണ്ടെന്ന്​ ഫാത്തിമ തഹ്​ലിയ പറഞ്ഞു.

പാർട്ടി വേദിയിലല്ലാതെ മറ്റെവിടെയും പരാതി ഉന്നയിച്ചിട്ടില്ല. പാർട്ടിയിൽ നിന്നുള്ള പരിഹാരം താമസിച്ചപ്പോഴാണ്​ വനിത കമ്മീഷനെ സമീപിച്ചത്​. പ്രയാസത്തോടെയാണെങ്കിലും വനിത കമ്മീഷനിൽ പരാതി നൽകേണ്ട സാഹചര്യമുണ്ടായി. ഹരിത മുസ്​ലിം ലീഗിന്​ ബാധ്യതയാണെന്ന്​ വരെ വിമർശനമുയർന്നു. ഇത്തരം പരാമർശങ്ങൾ വേദനിപ്പിച്ചു. വനിതകൾക്ക്​ പ്രവർത്തിക്കാൻ കഴിയാത്ത പ്രസ്ഥാനമാണ്​ മുസ്​ലിം ലീഗെന്ന പ്രചാരണം അംഗീകരിക്കാനാവില്ലെന്നും തഹ്​ലിയ പറഞ്ഞു.

ഹരിതക്കെതിരായ നടപടിയിൽ സങ്കടമുണ്ട്​. സങ്കടം പാർട്ടിയെ അറിയിക്കും. പ്രശ്​നങ്ങൾ തുടർന്നും പാർട്ടിയിൽ വേദിയിൽ ഉന്നയിക്കും. പരാതി പറഞ്ഞവർക്കൊപ്പമാണ്​ പാർട്ടിയിൽ താൻ നിലകൊള്ളുക. ഇതുമായി ബന്ധപ്പെട്ട വിവാദം ഉയർന്നപ്പോൾ തന്നെ ഇക്കാര്യത്തിൽ നിലപാട്​ വ്യക്​തമാക്കിയതാണെന്നും ഫാത്തിമ തഹ്​ലിയ പറഞ്ഞു.

എം.എസ്​.എഫിന്‍റെ 11 ജില്ലാ കമ്മിറ്റികൾ ​ പി.കെ.നവാസിനെതിരെ രംഗത്തെത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. നവാസിനെ മാറ്റിനിർത്തണമെന്നാണ്​ കമ്മിറ്റികളുടെ ആവശ്യം. എന്നാൽ, കത്ത്​ ലഭിച്ചിട്ടില്ലെന്നായിരുന്നു മുസ്​ലിം ലീഗ്​ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാമിന്‍റെ വിശദീകരണം.