ഓണക്കിറ്റ് വിതരണം 60 ലക്ഷം കവിഞ്ഞു,
തിരുവനന്തപുരം: ഓണത്തിനു മുമ്പ് റേഷൻ കടകൾ വഴി മുഴുവൻ കാർഡ് ഉടമകൾക്കും സൗജന്യ ഭക്ഷ്യക്കിറ്റ് ലഭിക്കില്ല. റേഷൻകടകൾ ഇന്നും പ്രവർത്തിക്കും. തുടർന്ന് 3 ദിവസത്തെ അവധിക്കു ശേഷം ചൊവ്വാഴ്ച തുറക്കും. അപ്പോൾ കിറ്റ് വിതരണം തുടരും. ഓണത്തിനു മുമ്പ് വിതരണം പൂർത്തിയാക്കും എന്നായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നത്.
ഓണക്കിറ്റ് ലഭിക്കാൻ ഇനിയും 30 ലക്ഷത്തിലേറെ കാർഡ് ഉടമകൾ ഉണ്ട്. 90.67 ലക്ഷം കാർഡ് ഉടമകളിൽ ഇന്നലെവരെ 60.60 ലക്ഷം പേർക്കാണ് കിറ്റ് നൽകിയത്. കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ചില സാധനങ്ങളുടെ ലഭ്യതക്കുറവാണ് വിതരണം വൈകുന്നതിന് കാരണം.
കിറ്റ് ആവശ്യത്തിനു സ്റ്റോക്ക് ഉണ്ടെന്ന് ഇപോസ് മെഷീൻ സംവിധാനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, കടകളിൽ എത്തിച്ചിട്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. കിറ്റ് വാങ്ങാൻ എത്തിയ കാർഡ് ഉടമകൾ പലയിടത്തും കട ഉടമകളുമായി വാക്കുതർക്കവുമുണ്ടായി.