കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരേ കേന്ദ്രം പിന്തിരിയണമെന്ന് മുസ്ലീംലീഗ്

കൊണ്ടോട്ടി: പ്രവാസികളുടെ വിയര്‍പ്പില്‍ പടുത്തുയര്‍ത്തിയ കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരേ പ്രതിഷേധം. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളില്‍ ഏക പൊതുമേഖലാ വിമാനത്താവളമായിരുന്നു കരിപ്പൂര്‍. സ്ഥലമേറ്റെടുപ്പിനും റണ്‍വേ നിര്‍മാണത്തിനുമായി പിരിവെടുത്തും പ്രവാസികളില്‍ നിന്ന് യൂസേഴ്‌സ് ഫീ പിരിച്ചുമാണ് കരിപ്പൂര്‍ വിമാനത്താവളം പടുത്തുയര്‍ത്തിയത്.
രാജ്യത്ത് പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങളില്‍ വരുമാനം നല്‍കുന്നവയില്‍ മുന്‍നിരയിലാണ് കരിപ്പൂര്‍. വിമാനത്താവളത്തിന്റെ മൊത്തം വരുമാനം 250 കോടിയാണ്.

ഇതില്‍ ഗണ്യമായ ഭാഗവും ലാഭമാണ്. നിലവില്‍ വിമാനത്താവളത്തില്‍ 240 ജീവനക്കാരുണ്ട്. ഇവരുടേയും പ്രദേശ വാസികളായ സാധാരണക്കാരുടേയും തൊഴിലിനും സ്വകാര്യവല്‍ക്കരണം വിനയാകും.
വിമാനത്താവളത്തില്‍ നിലവിലുള്ള നിരക്കുകളിലും വര്‍ധനവ് വരും. ഇത് വിമാനത്താവളത്തിന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കും. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 27,48,275 അന്താരാഷ്ട്ര യാത്രക്കാരും 6,12,579 ആഭ്യന്തര യാത്രക്കാരുമാണ് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സേവനം ഉപയോഗപ്പെടുത്തിയത്. മുന്‍വര്‍ഷത്തേക്കാള്‍ ഏഴ് ശതമാനം വര്‍ധനവാണുണ്ടായത്. സ്വകാര്യവല്‍ക്കരണത്തിനെതിരേ മുഴുവന്‍ ജനങ്ങളെയും അണിനിരത്തി ചെറുത്ത് നില്‍പ്പ് സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കുമെന്ന് ടി.വി ഇബ്രാഹിം എല്‍.എല്‍.എ പറഞ്ഞു.

കരിപ്പൂര്‍ വിമാനത്താവളം പാട്ടത്തിനു കൊടുക്കുകയോ സ്വകാര്യവല്‍ക്കരിക്കുകയോ ചെയ്യുന്ന നീക്കത്തില്‍നിന്ന് കേന്ദ്രം പിന്തിരിയണമെന്ന് ഇ. ടി മുഹമ്മദ് ബഷീര്‍ എം.പി കേന്ദ്ര വ്യോമയാന ജ്യോതിരാദിത്യ സിധ്യക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ദേശീയ ധന സമ്പാദന പൈപ്പ് ലൈന്‍ പദ്ധതി പ്രകാരം കരിപ്പൂര്‍ വിമാനത്താവളം പാട്ടത്തിനെടുക്കുകയോ സ്വകാര്യവല്‍ക്കരിക്കുകയോ ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കയുളവാക്കുന്നതാണ്. വിമാനത്താവളത്തിന്റെ ഭാവി സാധ്യതകള്‍ക്ക് നീക്കം ഒട്ടും നല്ലതല്ല. സംസ്ഥാനത്തെ പി.പി.പി മാതൃകയില്‍ നിര്‍മിച്ച രണ്ടാമത്തെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമായ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം കമ്മിഷന്‍ ചെയ്തിട്ടും കരിപ്പൂര്‍ വിമാനത്താവളം ഉയര്‍ച്ചയുടെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.