കേരളത്തിലേക്കു കടത്താൻ തമിഴ്നാട്ടിലെ രഹസ്യകേന്ദ്രങ്ങളിൽ സൂക്ഷിച്ച വൻ കഞ്ചാവ് ശേഖരം പിടികൂടി

മഞ്ചേരി : കേരളത്തിലേക്കു കടത്താൻ തമിഴ്നാട്ടിലെ രഹസ്യകേന്ദ്രങ്ങളിൽനിന്നു സൂക്ഷിച്ച വൻ കഞ്ചാവ് ശേഖരം മഞ്ചേരി എക്‌സൈസ് സംഘം പിടികൂടി. ഓപ്പറേഷൻ അക്ക എന്നപേരിൽ കമ്പം, മേട്ടുപ്പാളയം, കോയമ്പത്തൂർ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 74 കിലോ കഞ്ചാവും 37,000 രൂപയുമാണ് പിടിച്ചെടുത്തത്.

വള്ളിക്കുന്ന് ചെട്ടിപ്പടി ബൈത്തുൽ ലാമിയ വീട്ടിൽ അമീർ (36), തിരൂരങ്ങാടി നടുവ ചേരമംഗലം എളിമ്പാട്ടിൽ അഷറഫ് (43), തമിഴ്നാട് തേനി വടക്കുംതറ വീഥിയിൽ മുരുകേശ്വരി (അക്ക-45) എന്നിവരാണു പിടിയിലായത്. ഇവരെ ചോദ്യംചെയ്തതോടെയാണ് തമിഴ്‌നാട്ടിലെ കഞ്ചാവ് സൂക്ഷിപ്പുകേന്ദ്രങ്ങളെക്കുറിച്ച് വിവരം ലഭിച്ചത്.

മഞ്ചേരി സ്‌പെഷ്യൽ സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന അമീറിനെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തിയതിനെത്തുടർന്നാണ് കഞ്ചാവ് ശേഖരത്തെക്കുറിച്ചുള്ള വിവരം കിട്ടിയത്.

അഞ്ചരക്കിലോ കഞ്ചാവ് കടത്തിയ കേസിൽ അമീറും അക്കയും രണ്ടുവർഷം മുൻപ് തമിഴ്നാട്ടിലെ ജയിലിലായിരുന്നു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.ആർ. നിഗീഷ്, റെയ്ഞ്ച് ഇൻസ്‌പെക്ടർ ജിനീഷ്, അസിസ്റ്റന്റ്‌ ഇൻസ്‌പെക്ടർ ടി. ഷിജുമോൻ, മലപ്പുറം ഐ.ബി. ഇൻസ്‌പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖ്, പ്രിവന്റീവ് ഓഫീസർമാരായ വി.കെ. സൂരജ്, ആസിഫ് ഇഖ്ബാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.