എ.പി. അബ്ദുള്ളക്കുട്ടി മതസ്പര്‍ധ വളര്‍ത്തുന്നു; ഡി.ജി.പിക്ക് പരാതി
മലപ്പുറം: ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലും മതസമൂഹങ്ങള്‍ക്ക് ഇടയില്‍ ശത്രുത സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെയും വര്‍ഗീയ പ്രസ്താവന നടത്തിയതായി പരാതി. ഡി.ജി.പി അനില്‍കാന്തിന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂരാണ് ഇതുസംബന്ധിച്ച് പരാതി സമര്‍പ്പിച്ചത്.
വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേരളത്തിലെ ആദ്യ താലിബാന് നേതാവായിരുന്നുവെന്നും ‘മാപ്പിള ലഹള’ ഹിന്ദു വിരുദ്ധ കലാപമായിരുവെന്നും അബ്ദുള്ളക്കുട്ടി ആക്ഷേപിച്ചിരുന്നു. ജമാഅത്തെ ഇസ്ലാമി കേരളത്തില്‍ താലിബാനിസം നടപ്പാക്കുകയാണ്, ഐ.എസ് ബന്ധമാരോപിച്ചു കണ്ണൂരില്‍ നിന്നും എന്‍.ഐ.എ അറസ്റ്റ് ചെയ്ത യുവതികളെ റിക്രൂട്ട് ചെയ്തത് ജമാഅത്തെ ഇസ്ലാമി ആണ് തുടങ്ങിയ ആരോപണങ്ങളും അബ്ദുള്ളക്കുട്ടി ഉന്നയിച്ചിരുന്നു. ഇത്തരം പ്രസ്താവനകൾ ഹിന്ദു-മുസ്ലിം മതസമൂഹങ്ങള്‍ക്ക് ഇടയില്‍ ശത്രുതയും വൈര്യവും സൃഷ്ടിക്കുന്നതാണെന്നും വ്യാജവും വസ്തുതാവിരുദ്ധവുമായ ആരോപണങ്ങളിലൂടെ കലാപത്തിനുള്ള ശ്രമമാണെന്നും പരാതിയില്‍ ആരോപിക്കുന്നു.
രാഷ്ട്രീയ നേട്ടത്തിനായി വര്‍ഗീയത പടര്‍ത്താനുള്ള ആസൂത്രിത ശ്രമത്തിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യണമെന്നാണ് പരാതിയിലെ ആവശ്യം.