ഒരു കോടി രണ്ടു ലക്ഷം രൂപയുടെ സ്വർണം പിടികൂടി


കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടി രണ്ടു ലക്ഷത്തോളം രൂപ വില വരുന്ന 2.3 കിലോഗ്രാം സ്വർണ്ണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി.

ഷാർജയിൽ നിന്നും എയർ ഇന്ത്യയുടെ 1X354 വിമാനത്തിൽ തിങ്കളാഴ്ച്ച പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ കോഴിക്കോട് പയ്യോളി സ്വദേശി നമ്പൂരിമഠത്തിൽ ഷെഫീക്കും ഭാര്യ സുബൈറയുമാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോടു നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ പിടിയിലായത്. സ്വർണമിശ്രിതം ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ കസ്റ്റംസിന്റെ പിടിയിലായത്. കസ്റ്റംസ് അറസ്റ്റ് ചെയ്ത പ്രതികളെ മഞ്ചേരി ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഇരുവരെയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ കെ.വി.രാജന്റെ നിർദ്ദേശ പ്രകാരം സൂപ്രണ്ട്മാരായ പ്രവീൺ കുമാർ കെ.കെ., പ്രകാശ് എം ഇൻസ്പെക്ടർമാരായ പ്രതീഷ്. എം, മുഹമ്മദ് ഫൈസൽ, ഇ, ഹെഡ് ഹവിൽദാർമാരായ എം. സന്തോഷ് കുമാർ, ഇ.വി. മോഹനൻ എന്നിവരടങ്ങുന്ന സംഘമാണ് സ്വർണ്ണം പിടികൂടിയത്.