വ്യാജ ലൈസൻസിൽ തോക്കുമായി കാശ്‌മീരികൾ അറസ്റ്റിൽ
തിരുവനന്തപുരം: വ്യാജ ലൈസൻസിൽ തോക്ക് കൈവശം വെച്ച അഞ്ച് കാശ്‌മീരി യുവാക്കൾ തിരുവനന്തപുരത്ത് അറസ്റ്റിലായി. കാശ്‌മീർ രജൗരി സ്വദേശികളായ ഷൗക്കത്തലി(27), ഷുക്കൂർ അഹമ്മദ് (23), ഗുൽസമൻ(22), മുഷ്താഖ് ഹുസൈൻ(22), മുഹമ്മദ് ജാവേദ് (24) എന്നിവരാണ് പിടിയിലായത്. എ.ടി.എമ്മിൽ പണം നിറയ്ക്കുന്ന സിസ്കോയെന്ന സ്വകാര്യ ഏജൻസിയുടെ സുരക്ഷ ജീവനക്കാരാണിവർ. ഇവരിൽ നിന്ന് 5 ഇരട്ടക്കുഴൽ തോക്കുകളും 25 റൗണ്ട് ബുള്ളറ്റുകളും പിടിച്ചെടുത്തു.
മഹാരാഷ്ട്രയിലെ ഒരു റിക്രൂട്ടിംഗ് ഏജൻസി വഴിയാണ് ഇവർ ആറുമാസം മുമ്പ് കേരളത്തിൽ എത്തിയതെന്ന് പൊലിസ് പറഞ്ഞു. വാടകയ്ക്ക് താമസിച്ചിരുന്ന നീറുമൺകരയിലെ താമസസ്ഥലത്ത് നിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിമാനത്താവളം,വി.എസ്.എസ് സി, ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം, പാങ്ങോട് മിലിട്ടറി ക്യാമ്പ്, വ്യോമസേനാ ആസ്ഥാനം തുടങ്ങിയ മേഖലകളിലെ എ.ടി.എമ്മുകളിലായിരുന്ന ഇവർ പണം നിറച്ചിരുന്നത്.
പൊലീസ് നിരീക്ഷണം തിരഞ്ഞെടുപ്പ് കാലം മുതൽ
നിയമസഭ തിരഞ്ഞെടുപ്പ് കാലം മുതൽ ഇവരെ നിരീക്ഷിച്ചു വരികയാണെന്ന് കരമന പൊലീസ് പറഞ്ഞു.തിരഞ്ഞെടുപ്പ് കാലത്ത് സ്റ്റേഷൻ പരിധിയിലെ തോക്കുകൾ ഹാജരാക്കണമെന്ന് എസ്.എച്ച്.ഒ നിർദ്ദേശം നൽകിയിരുന്നെങ്കിലും ഇവർ ഹാജരാക്കിയിരുന്നില്ല.രണ്ട് പേർ സ്ഥലത്തില്ലെന്നും മറ്റുള്ളവർ എ.ടി.എമ്മിൽ സുരക്ഷയ്ക്ക് തോക്ക് നിർബന്ധമാണെന്ന റിപ്പോർട്ടും അന്ന് പൊലീസിന് നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ തന്നെ അഞ്ചുപേരുടേയും പക്കലുള്ള തോക്കിന്റെ ലൈസൻസ് പരിശോധനയ്ക്കായി കാശ്‌മീരിലെ രജൗരി ജില്ലയിലെ എ.ഡി.എമ്മിന് അയച്ചു കൊടുത്തു.
ഇത്തരത്തിലുള്ള ഒരു ലൈസൻസും അവിടെ നിന്ന് നൽകിയിട്ടില്ലെന്ന് എ.ഡി.എം കരമന പൊലീസിന് റിപ്പോർട്ട് നൽകി.തുടർന്നാണ് ലൈസൻസ് വ്യാജമാണെന്ന് തെളിഞ്ഞത്. ഇവരുടെ അറസ്റ്റ് ഇന്നലെ തന്നെ രേഖപ്പെടുത്തി.സംഭവം ഗൗരവമുള്ളതായതിനാൽ ഉന്നത പൊലീസ് സംഘമെത്തി ഇന്ന് കൂടുതൽ ചോദ്യം ചെയ്യും.മിലിട്ടറി ഇന്റലിജൻസും പൊലീസിൽ നിന്ന് വിവരം ശേഖരിച്ചതായി സൂചനയുണ്ട്.