കോവിഷീല്‍ഡ്: രണ്ടാം ഡോസ് 28 ദിവസത്തിനുശേഷം; ഹൈക്കോടതി

കൊച്ചി: കോവിഷീല്‍ വാക്‌സിന്റെ രണ്ടാം ഡോസ് 28 ദിവസത്തിനുശേഷം എടുക്കാമെന്ന് കേരള ഹൈക്കോടതി. കോവിന്‍ വെബ്‌സൈറ്റില്‍ ഇതിന് വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ കോടതി നിര്‍ദേശം നല്‍കി. കിറ്റെക്‌സിന്റെ ഹര്‍ജിയാലാണ് നിര്‍ദേശം.

കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ടാം ഡോസ് 84 ദിവസത്തിന് ശേഷം മാത്രമേ നല്‍കാനാകൂവെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ഇത് തള്ളിക്കൊണ്ടാണ് ആവശ്യക്കാര്‍ക്ക് രണ്ടാം ഡോസ് 28-ദിവസത്തിനകം എടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

നിലവില്‍ സംസ്ഥാനത്ത് വിദേശത്ത് പോകുന്നവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് നല്‍കുന്നുണ്ട്. പ്രത്യേക രജിസ്‌ട്രേഷന്‍ സംവിധാനത്തിലാണ് ഇത് നടപ്പാക്കുന്നത്. എന്തുകൊണ്ടാണ് മറ്റുള്ളവര്‍ക്കും ഇത്തരത്തില്‍ വാക്‌സിന്‍ ലഭിക്കാത്തതെന്ന് കോടതി ആരാഞ്ഞു. വിവേചനം ചൂണ്ടിക്കാട്ടിയാണ് ആവശ്യക്കാര്‍ക്കെല്ലാം 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് എടുക്കാമെന്ന ഉത്തരവ് ഹൈക്കോടതി ഇറക്കിയത്. ജസ്റ്റിസ് പി.വി. സുരേഷ്‌കുമാറാണ് ഇത് സംബന്ധിച്ച ഹര്‍ജി പരിഗണിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം കോടതി നേരത്തെ തേടിയിരുന്നു.

അതേസമയം സർക്കാർ ആശുപത്രികളിലൂടെ സൗജന്യ വാക്സിനെടുക്കുന്നവർക്ക് നിലവിലെ പോലെ തന്നെ 84 ദിവസത്തെ ഇടവേളയിൽ രണ്ടാം ഡോസ് വാക്സിൻ എടുക്കാം.

വാക്സിൻ ഇടവേള കുറച്ച് കൊണ്ട് സ്ലോട്ട് ബുക്ക് ചെയ്യാൻ വേണ്ടിയുള്ള സൗകര്യം കോവിൻ ആപ്പിലും വെബ്സൈറ്റിലും അടിയന്തിരമായി ഉൾപ്പെടുത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.