വഴിയേ പോകുന്നവർക്ക് മറുപടി പറയേണ്ട ബാദ്ധ്യതയില്ല, എല്ലാം മുഖ്യമന്ത്രി പറഞ്ഞു കഴിഞ്ഞുവെന്ന് പി എം എ സലാം
മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടിക്കും മകനും മലപ്പുറം എ ആര്‍ നഗര്‍ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്നും ഇക്കാര്യം ഇ ഡി അന്വേഷിക്കണമെന്നുമുള്ള മുൻ മന്ത്രി കെ ടി ജലീലിന്റെ ആവശ്യം തള്ളിയ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം. ‘ജലീലിനുള്ള മറുപടി മുഖ്യമന്ത്രി പറഞ്ഞുകഴിഞ്ഞു. അദ്ദേഹം പറയേണ്ടതെല്ലാം പറഞ്ഞു. ബാങ്കിൽ ക്രമക്കേടുണ്ടെങ്കിൽ അത് അന്വേഷിക്കേണ്ടത് സഹകരണ വകുപ്പാണ്. വഴിയേ പോകുന്നവർക്ക് മറുപടി പറയേണ്ട ബാദ്ധ്യത ലീഗിനില്ല. ഉത്തരവാദിത്തപ്പെട്ട പാർട്ടികൾ ആരോപണം ഉന്നയിച്ചാൽ മറുപടി പറയാം – സലാം പറഞ്ഞു.
ഇന്നലെ വൈകിട്ട് ആറുമണിക്കുള്ള വാർത്താസമ്മേളനത്തിലാണ് ജലീലിന്റെ ആവശ്യത്തെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്. ‘കേരളത്തിലെ സഹകരണ മേഖല ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ല. ഇഡിയുടെ ചോദ്യംചെയ്യലോടുകൂടി ജലീലിന് ഇഡിയില്‍ വിശ്വാസം കൂടിയിട്ടുണ്ടെന്നാണ് തോന്നുന്നത്. സഹകരണ ബാങ്കില്‍ ഇഡി അന്വേഷണം സാധാരണ ഗതിയില്‍ ഉന്നയിക്കാന്‍ പാടില്ലാത്തതാണ്. ഇത്തരമൊരു ആവശ്യമുണ്ടായത് ശരിയല്ല എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെ പ്രതികരണവുമായി കെ ടി ജലീലും രംഗത്തെത്തിയിരുന്നു. ‘മുഖ്യമന്ത്രി എനിക്ക് പിതൃതുല്ല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും അദ്ദേഹത്തിനുണ്ട്. ലീഗ് രാഷ്ട്രീയത്തെ ക്രിമിനല്‍ വത്കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകള്‍ക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസംവരെ തുടരും. ട്രോളന്‍മാര്‍ക്കും വലതുപക്ഷ സൈബര്‍ പോരാളികള്‍ക്കും കഴുതക്കാമം കരഞ്ഞു തീര്‍ക്കാം എന്നായിരുന്നു കെ.ടി. ജലീല്‍ ഫേസ്ബുക്കിൽ കുറിച്ചത്.