വിമൺ ഇന്ത്യാ മൂവ്മെന്റ് തിരൂരിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
തിരൂർ: ആഗസ്റ്റ് 26 ന് രാജ്യ തലസ്ഥാനത്ത് ഒരു സിവിൽ ഡിഫെൻസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥ 21 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സാബിയ സൈഫി എന്ന പോലീസ് ഓഫീസറെ സഹപ്രവർത്തകരെന്ന് പറയപ്പെടുന്ന ചിലർ ജോലിസ്ഥലത്തുനിന്നും തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഘത്തിനിരയാക്കി അധിക്രൂരമായി കൊലപ്പെടുത്തിയിട്ട് ഇന്നേവരെ പ്രതികളെ കണ്ടെത്തി നിയമത്തിന് മുമ്പിൽ കൊണ്ടുവരാൻ ശ്രമിക്കാത്ത ഡൽഹിയുടെ ആഭ്യന്തരം കയ്യാളുന്ന കേന്ദ്രസർക്കാറിന്റെ വേട്ടക്കാരെ സംരക്ഷിക്കുന്ന ഭരണകൂട ഭീകരതക്കെതിരെ ഇന്ന് ദേശവ്യാപകമായി വിമൺ ഇന്ത്യാ മൂവ്മെന്റ് പ്രതിഷേധ ജ്വാല തീർക്കുകയുണ്ടായി.
അതിന്റെ ഭാഗമായി വിമൺ ഇന്ത്യാ മൂവ്മെന്റ് തിരൂർ മുനിസിപ്പൽ കമ്മറ്റിയുടെ കീഴിൽ തിരൂരിലും ഒരുകൂട്ടം വനിതകൾ സെൻട്രൽ ജംഗ്ഷൻ പരിസരത്ത് കോപത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതീകാത്മക തീജ്വാല ഉയർത്തിപ്പിടിച്ച് ഭരണകൂടവും പൊതുബോധവും മറന്നുകളഞ്ഞ സാബിയ സൈഫിയുടെ കുടുംബത്തിന് നീതിലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരം നടത്തുകയുണ്ടായി.

പ്രതിഷേധ ജ്വാലാ സമരം വിമൺ ഇന്ത്യാ മൂവ്മെന്റ് ജില്ലാ ട്രഷറർ ആബിദ തിരൂർ ഉദ്ഘാടനം ചെയ്തു.
ഭരണകൂട ഭീകരതക്കെതിരെ തെരുവിലിറങ്ങി മുഷ്ടി ചുരുട്ടി മുദ്രാവാഖ്യങ്ങൾ മുഴക്കാനും വേട്ടക്കാരുടെ കൈക്ക് പിടിച്ച് അരുത് കാട്ടാളാ എന്ന് ഉറക്കെപ്പറയാനും വേണ്ടിവന്നാൽ അത്തരം നികൃഷ്ട ഹസ്തങ്ങൾ വെട്ടിമാറ്റാനും കെൽപ്പും തന്റെടവുമുള്ള സ്ത്രീ സമൂഹം വളർന്നു വരുന്നു എന്നതിന്റെ ശുഭസൂചനകളാണ് ഇത്തരം പ്രതിഷേധ സമരങ്ങളെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ആബിദ തിരൂർ അഭിപ്രായപ്പെട്ടു.

നാലോളം പേർ ചേർന്ന് നടത്തിയ കൂട്ട ബലാത്സംഗത്തിന് ശേഷം അതിക്രൂരവും പൈശാചികവുമായ രീതിയിൽ കഴുത്തറുത്ത് സ്തനങ്ങൾ അറുത്തു മാറ്റി നെഞ്ചിൽ ആയുധം കുത്തിയിറക്കി ലൈംഗികാവയവങ്ങൾ കുത്തിക്കീറി ഒരു മനുഷ്യ ശരീരത്തെ ഇത്രമാത്രം വികൃതമാക്കി കൊലപ്പെടുത്തിയിട്ടും അതിനെതിരെ ഒരു വാക്കുകൊണ്ടെങ്കിലും പ്രതികരിക്കാൻ ഇവിടത്തെ മുഖ്യധാരാ മാധ്യമങ്ങളോ രാഷ്ട്രീയക്കാരോ സാംസ്കാരിക നായകരെന്നവകാശപ്പെടുന്നവരോ സ്ത്രീപക്ഷ വാദികളോ ഇതുവരെ തയ്യാറായില്ല എന്നത് രാജ്യത്ത് സമാധാനം ആഗ്രഹിക്കുന്ന ഏതൊരാളെയും ഭയപ്പെടുത്തുന്നതാണെന്ന് തുടർന്ന് സംസാരിച്ച ഫാത്തിമ ടീച്ചർ നിരീക്ഷിച്ചു.
പ്രതിഷേധ ജ്വാലാ സമരത്തിൽ പങ്കെടുത്തവർക്ക് വിമൺ ഇന്ത്യ മൂവ്മെന്റ് തിരൂർ മുൻസിപ്പൽ കമ്മറ്റി സെക്രട്ടറി മുനീറ ഹംസ സ്വാഗതമാശംസിക്കുകയും പ്രസിഡന്റ് സീനത്ത് ജംഷീർ സമര സംഗമത്തിൽ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു.. ആഷിദ ആദം കുട്ടി , സക്കീന മൊയ്‌ദീൻ , ഹഫ്സത്ത് ഹമീദ് എന്നിവർ പ്രതിഷേധ ജ്വാലക്ക് നേത്രത്വം നൽകി.