ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു

മലപ്പുറം: എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. ലീഗിന്റെ ഉന്നതാധികാര സമിതി യോഗമാണ് തീരുമാനം എടുത്തത്. നേതാക്കള്‍ ഗുരുതരമായ അച്ചടക്ക ലംഘനമാണ് നടത്തിയതെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. പാര്‍ട്ടിയുടെ തീരുമാനത്തിന് വഴങ്ങാത്ത കമ്മിറ്റിയുമായി മുന്നോട്ടു പോകാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എംഎസ്എഫ് നേതാക്കള്‍ക്കെതിരെ ഹരിത നേതാക്കള്‍ നല്‍കിയ ലൈംഗിക അധിക്ഷേപ പരാതി പിന്‍വലിക്കണമെന്ന ആവശ്യം ലീഗ്‌ നേതൃത്വം നേരത്തെ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കാന്‍ ഹരിത നേതാക്കള്‍ തയ്യാറായിട്ടില്ല. ഇതോടെയാണ് കടുത്ത നടപടി. പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള പലശ്രമങ്ങളും പാര്‍ട്ടി നടത്തിയെന്ന് പിഎംഎ സലാം പറഞ്ഞു. എന്നാല്‍ പാര്‍ട്ടിക്ക് വഴങ്ങാത്ത ഹരിത നേതാക്കള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കേണ്ടിവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹരിത നേതാക്കള്‍ പരാതി പിന്‍വലിക്കാതെ ചര്‍ച്ചയുമായി മുന്നോട്ടു പോകില്ലെന്ന് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതി നല്‍കിയവര്‍ക്ക് എതിരെയാണ് ലീഗ് നേതൃത്വം ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മുസ്ലീം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി.അബ്ദുള്‍ വഹാബ് എന്നിവര്‍ക്കെതിരേ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഹരിതയിലെ പത്ത് പെണ്‍കുട്ടികളായിരുന്നു വനിതാ കമ്മീഷന് പരാതി നല്‍കിയത്. ഇതാണ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്.

കോഴിക്കോട് നടന്ന എം.എസ്.എഫ് യോഗത്തില്‍ വേശ്യയ്ക്കും അവരുടേതായ ന്യായീകരണമുണ്ടാവുമല്ലോ….പറയൂ എന്ന തരത്തില്‍ പി.കെ നവാസ് ഹരിതയിലെ പെണ്‍കുട്ടികളോട് സംസാരിച്ചതാണ് വിവാദമായത്. എന്നാല്‍ നേരത്തെ നിരവധി തവണ വിഷയത്തില്‍ ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ വന്നതോടെയാണ് വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതെന്നാണ് ഹരിത നേതാക്കള്‍ പറയുന്നത്.