കേരള ബ്ലാസ്​റ്റേഴ്​സിന്​ ഡ്യൂറന്‍റ്​ കപ്പിൽ വിജയത്തുടക്കം

കൊൽക്കത്ത: കേരള ബ്ലാസ്​റ്റേഴ്​സിന്​ ഡ്യൂറന്‍റ്​ കപ്പിൽ വിജയത്തുടക്കം. ആവേശകരമായ മത്സരത്തിൽ ഗ്രൂപ്​ സിയിൽ ഇന്ത്യൻ നേവിയെ എതിരില്ലാത്ത ഒരു ഗോളിന്​ തോൽപിച്ചാണ്​ ബ്ലാസ്​റ്റേഴ്സ്​​ പുതിയ സീസണിൽ വിജയത്തുടക്കം കുറിച്ചത്​. ഗ്രൂപ്​ ‘സി’യിൽ ഇതോടെ ബ്ലാസ്​റ്റേഴസിന്​ മൂന്ന്​ പോയന്‍റായി. ഇതേ ഗ്രൂപിലെ മറ്റൊരു ടീമായ ഡൽഹി എഫ്​.സിയെ ആദ്യ മത്സരത്തിൽ തോൽപിച്ച്​ കേരള ടീമിനെതിരെ പടക്കിറങ്ങിയ നേവിയെ ബ്ലാസ്​റ്റേഴ്​സ്​ പിടിച്ചു കെട്ടുകയായിരുന്നു. ഗോൾ രഹിത ആദ്യ പകുതിക്കു ശേഷം 71ാം മിനിറ്റിൽ വീണു കിട്ടിയ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച്​ ഉറൂഗ്വായ്​ താരം അഡ്രിയാൻ ലൂണയാണ്​ ബ്ലാസ്​റ്റേഴ്​സിന്​ ജയം ഒരുക്കിയത്​. ബംഗളൂരു എഫ്​.സിക്കെതിരെയാണ്​ ബ്ലാസ്​റ്റേഴ്​സിന്‍റെ അടുത്ത മത്സരം.

ആൽബിനോ ഗോമസ്​ വല കാത്ത ബ്ലാസ്​റ്റേഴ്​സ്​ നിരയിൽ ഇനസ്​ സിപോവിച്​, സന്ദീപ്​ സിങ്​, ഹർമൻജോത്​ കബ്ര, ജെസ്സെൽ കാർ​നീറോ, മലയാളി താരങ്ങളായ രാഹുൽ കെ.പി, കെ പ്രശാന്ത്​, അബ്​ദുൽ ഹക്കു, അഡ്രിയാൻ ലൂണ, സെയ്​ത്യാസെൻ സിങ്​, ജീക്​സൺ സിങ്​ എന്നിവർ ആദ്യ ഇലവനിൽ ബൂട്ടുകെട്ടി. എതിരാളികൾ അവസരം നൽകാതെ അവസാനം വരെ കളിച്ച മഞ്ഞപ്പുലികൾ നേവിയെ വെള്ളം കുടിപ്പിച്ചു.

നാലു ഗ്രൂപുകളിലായാണ്​ ഡ്യൂറന്‍റ്​ കപ്പ്​ പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള ഗ്രൂപ്​ ഡിയിലാണ്​. ഗ്രൂപിലെ ആദ്യ രണ്ടു സ്​ഥാനക്കാർ നോകൗട്ടിൽ കടക്കും. ഒക്​ടോബർ മൂന്നിനാണ്​ ഫൈനൽ​ പോരാട്ടം.