ഖത്തർ ലോകകപ്പ് സംപ്രേഷണാവകാശം വയകോം 18ന്; കരാർ 450 കോടി രൂപയ്ക്ക്
അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിനുള്ള സംപ്രേഷണാവകാശം വയകോം 18ന്. 450 കോടി രൂപയ്ക്കാണ് റിലയൻസ് നെറ്റ്‌വർക്കിനു കൂടി പങ്കാളിത്തമുള്ള വയകോം ലോകകപ്പ് സംപ്രേഷണാവകാശം സ്വന്തമാക്കിയത്. സോണി നെറ്റ്‌വർക്ക്, സ്റ്റാർ സ്പോർട്സ് എന്നീ പ്രമുഖരെയൊക്കെ വയകോം പിന്തള്ളി. നിലവിൽ സ്പാനിഷ് ലീഗ്, സീരി എ, റോഡ് സേഫ്റ്റി വേൾഡ് ടി-20 ടൂർണമെൻ്റ്, അബുദാബി ടി-20 ലീഗ് എന്നിവയുടെ അവകാശവും വയകോം 18നാണ്. (viacom qatar world cup)
നിലവിൽ വയകോമിന് ഇന്ത്യയിൽ ഒരു സ്പോർട്സ് ചാനൽ ഇല്ല. എന്നാൽ, ഉടൻ തന്നെ അവർ പുതിയ ഒരു ചാനൽ തുടങ്ങുമെന്നാണ് സൂചന. വൂട്ട് ഒടിടിയിലും കളേഴ്സ് സിനിപ്ലക്സിലുമായാണ് ഇക്കൊല്ലത്തെ റോഡ് സേഫ്റ്റി വേൾഡ് സീരീസ് സംപ്രേഷണം ചെയ്തത്. അടുത്ത വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് സംപ്രേഷണാവകാശം സ്വന്തമാക്കാനുള്ള ശ്രമവും വയകോം നടത്തുന്നുണ്ട്.