പരപ്പനങ്ങാടി നഗരസഭയില്‍ ക്ഷേമപദ്ധതികള്‍ക്കൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനവും
വൃക്ക മാറ്റിവെച്ചവര്‍ക്ക് മരുന്നും ഡയാലിസിസ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക സഹായവും ഭിന്നശേഷിക്കാര്‍ക്ക് പരിശീലനവും തെറാപ്പിയും നല്‍കാനൊരുങ്ങി പരപ്പനങ്ങാടി നഗരസഭ. ഡയാലിസിസ് ചെയ്യുന്നവര്‍ക്ക് പ്രതിമാസം 4,000 രൂപ വരെ നല്‍കുന്നതിനായി തനത് ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപയും വൃക്ക മാറ്റിവെച്ചവര്‍ക്ക് സൗജന്യമായി മരുന്നെത്തിക്കാന്‍ 10 ലക്ഷം രൂപയും പരപ്പനങ്ങാടി നഗരസഭ 2021-22 വാര്‍ഷിക പദ്ധതിയില്‍ വകയിരുത്തി. പരപ്പനങ്ങാടി ചാപ്പപ്പടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തായി ഐ.പി ബ്ലോക്കിനായി നിര്‍മിച്ച കെട്ടിടത്തില്‍ ഡിസേബിലിറ്റി മാനേജ്മെന്റ് ക്ലിനിക്ക് തുടങ്ങാന്‍ 15 ലക്ഷം രൂപയും നഗരസഭ നീക്കിവെച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായവര്‍ക്ക് വിവിധ തരത്തിലുള്ള തെറാപ്പിയും പരിശീലനവും ക്ലിനിക്കില്‍ നിന്നും ലഭിക്കും. കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന സംസ്ഥാന തല കോര്‍ഡിനേഷന്‍ കമ്മിറ്റി പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ നഗരസഭ അധികൃതരില്‍ നിന്നും ശേഖരിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിലായി തന്നെ അംഗീകാരം ലഭിക്കുമെന്നാണ് കരുതുന്നതെന്നും ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും നഗരസഭ ചെയര്‍മാന്‍ വ്യക്തമാക്കി.
പരപ്പനങ്ങാടി നഗരസഭ പരിധിയില്‍ ഔദ്യോഗിക കണക്കുപ്രകാരം 46 വൃക്ക രോഗികളാണുള്ളത്. 282 ഭിന്നശേഷിക്കാരുമുണ്ട്. ഇവര്‍ക്കെല്ലാം സാമ്പത്തിക സഹായം ലഭിക്കുന്ന വിധത്തിലാണ് നഗരസഭ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിന് പുറമേ ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ സഹായ ഉപകരണങ്ങളും നഗരസഭ വിതരണം ചെയ്യുന്നുണ്ട്. 2021-22 വാര്‍ഷിക പദ്ധതിയില്‍ പരപ്പനങ്ങാടി നഗരസഭ കാര്‍ഷിക, മത്സ്യബന്ധന മേഖലകളുടെ വികസനത്തിനും ഉറവിട മാലിന്യ സംസ്്കരണത്തിനുമാണ് ഊന്നല്‍ നല്‍കുന്നത്. ജൈവ മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കുന്നതിനായി ഇത്തവണ ഓരോ വാര്‍ഡിലും 150 വീതം റിങ് കമ്പോസ്റ്റുകള്‍ വിതരണം ചെയ്യും. ഉറവിട മാലിന്യസംസ്‌കരണത്തിനൊപ്പം വിഷരഹിത പച്ചക്കറി ഉല്‍പ്പാദനവും ലക്ഷ്യമിടുന്നുണ്ട്. 56 അംഗങ്ങളുള്ള ഹരിത കര്‍മ്മസേന വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിയ്ക്കാണ് നഗരസഭ കൈമാറുന്നത്.