നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ കേസിൽ മൂന്നുപേരെ കൂടി അറസ്റ്റ് ചെയ്തു
ലഖ്നൗ: നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ കേസിൽ മൂന്നുപേരെ കൂടി വാരണാസി പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ നേരത്തെ അറസ്റ്റിലായ ജൂലി എന്ന വിദ്യാർഥിനിയുടെ സഹോദരൻ അഭയ്, കിങ് ജോർജ് മെഡിക്കൽ സർവകലാശാലയിലെ അവസാനവർഷ വിദ്യാർഥി ഒസാമ എന്നിവരെയാണ് പിടികൂടിയത്. അറസ്റ്റ് ചെയ്ത മൂന്നാമത്തെയാളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
സെപ്റ്റംബർ 12-ന് നടന്ന നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയതിന് ബനാറസ് ഹിന്ദു സർവകലാശാലയിലെ രണ്ടാംവർഷ ബി.ഡി.എസ്. വിദ്യാർഥിനി ജൂലിയെയും ഇവരുടെ മാതാവിനെയും പരീക്ഷാകേന്ദ്രത്തിൽനിന്ന് പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഇതിനുപിന്നാലെയാണ് നീറ്റ് പരീക്ഷാ ക്രമക്കേടിൽ വിപുലമായ അന്വേഷണം നടത്തിയത്. ക്രമക്കേടിന് പിന്നിൽ അന്തഃസംസ്ഥാന ബന്ധമുള്ള സംഘമാണെന്നാണ് പോലീസ് നൽകുന്നവിവരം.
ത്രിപുര സ്വദേശിയായ ഹിന ബിശ്വാസ് എന്ന വിദ്യാർഥിനിക്ക് വേണ്ടിയാണ് ജൂലി നീറ്റ് പരീക്ഷ എഴുതിയത്. യഥാർഥ ഹാൾടിക്കറ്റിനെ വെല്ലുന്ന വ്യാജ ഹാൾടിക്കറ്റും പെൺകുട്ടിയിൽനിന്ന് പിടിച്ചെടുത്തിരുന്നു. തുടർന്ന് ജൂലിയെ വിശദമായി ചോദ്യംചെയ്തതോടെയാണ് പരീക്ഷാക്രമക്കേടിന് പിന്നിൽ വലിയ സംഘം തന്നെ പ്രവർത്തിക്കുന്നതായി പോലീസ് കണ്ടെത്തിയത്.
പരീക്ഷാ ക്രമക്കേട് നടത്തുന്ന സംഘത്തിന്റെ മുഖ്യസൂത്രധാരൻ ബിഹാറിൽനിന്നുള്ള ആളാണെന്നാണ് പോലീസ് നൽകുന്ന സൂചന. അതിനാൽ ബിഹാർ പോലീസിന്റെ സഹായത്തോടെ വിവിധയിടങ്ങളിൽ പോലീസ് സംഘം റെയ്ഡ് നടത്തിയിരുന്നു. ഇതിനിടെയാണ് ജൂലിയുടെ സഹോദരൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ മൊബൈൽ ഫോണുകളടക്കം പിടിച്ചെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കേസിൽ അന്വേഷണം ആരംഭിച്ചതോടെ ഒസാമ ഫോൺ ഫോർമാറ്റ് ചെയ്തെന്നും അതിനാൽ വിവരങ്ങൾ വീണ്ടെടുക്കാൻ സൈബർ ഫോറൻസിക് വിദഗ്ധർക്ക് ഫോൺ കൈമാറിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
പരീക്ഷാ ക്രമക്കേട് നടത്തുന്ന സംഘം രണ്ട് വിഭാഗങ്ങളായാണ് പ്രവർത്തിക്കുന്നതെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സമ്പന്ന കുടുംബങ്ങളിൽപ്പെട്ട പഠനത്തിൽ മോശംനിലവാരം പുലർത്തുന്ന കുട്ടികളെ കണ്ടെത്തുകയാണ് ഒരുസംഘത്തിന്റെ ജോലി. രണ്ടാമത്തെ സംഘം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മെഡിക്കൽ-ഡെന്റൽ വിദ്യാർഥികളെയും കണ്ടെത്തും. തുടർന്ന് ഇവരുമായി ഡീൽ ഉറപ്പിക്കുകയാണ് രീതി.
അതേസമയം, ഇതിന്റെ കണ്ണികളായ ഒരാൾക്കും സംഘത്തിന്റെ മുഖ്യതലവനെക്കുറിച്ച് ഒരു വിവരവും അറിയില്ല. ഇയാൾ ഒരിക്കൽപോലും തട്ടിപ്പ് സംഘത്തിലെ മറ്റുള്ളവരെ നേരിട്ടോ ഫോണിലൂടെയോ ബന്ധപ്പെട്ടിട്ടില്ല. നൽകാനുള്ള നിർദേശങ്ങൾ സ്വകാര്യ കുറിയർ സർവീസ് വഴി കൈമാറുകയാണ് ഇയാളുടെ രീതിയെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിപുലമായ അന്വേഷണത്തിലൂടെ ഇയാളെയും പിടികൂടാനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.