കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസിലെ മുഖ്യപ്രതി മലപ്പുറം സ്വദേശി പിടിയില്‍
മലപ്പുറം: കരിപ്പൂർ സ്വര്‍ണക്കവര്‍ച്ചാ കേസിലെ മുഖ്യപ്രതി മഞ്ചേരി സ്വദേശി പിടിയില്‍. കേസുമായി ബന്ധപ്പെട്ട് മഞ്ചേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിലെ മുഖ്യപ്രതി മഞ്ചേരി മംഗലശ്ശേരി സ്വദേശി മൊട്ട ഫൈസല്‍ എന്ന ഉമ്മത്തൂര്‍ ഫൈസലിനെയാണ്(41) മഞ്ചേരിയില്‍ വച്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂണില്‍ കേസില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മുങ്ങിയ ഇയാള്‍ ഗൂഡല്ലൂര്‍, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ഒളിവില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് ആഴ്ചകള്‍ക്ക് മുമ്പ് മഞ്ചേരിയില്‍ എത്തിയ ഇയാള്‍ ടൗണിലെ പെണ്‍സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ ഒളിവില്‍ കഴിഞ്ഞ് വരുന്നതിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫ്‌ളാറ്റില്‍ നിന്നും പിടികൂടുകയായിരുന്നു.
പാലക്കാട് സ്വദേശിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കൊടുവള്ളിക്കാർ അടങ്ങുന്ന സംഘത്തോടൊപ്പം തട്ടികൊണ്ടുവന്ന് മഞ്ചേരിയിലെ ഇയാളുടെ ഫ്‌ളാറ്റില്‍ വച്ചാണ് ക്രൂരമായി മര്‍ദ്ധിച്ച് സാധനങ്ങള്‍ കവര്‍ച്ച ചെയ്തത്. ഫൈസലിന്റെ നേതൃത്വത്തില്‍ മഞ്ചേരി കേന്ദ്രീകരിച്ച് ക്വട്ടേഷന്‍ സംഘം പ്രവര്‍ത്തിച്ചു വരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മഞ്ചേരി കേന്ദ്രീകരിച്ച് അനധികൃതമായി പണം വട്ടി പലിശയ്ക്ക് കൊടുക്കുന്നതും ലഹരിക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ളതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
2012ല്‍ ക്വട്ടേഷന്‍ സംഘം മുഖം മൂടി ധരിച്ച് അരിക്കോടുള്ള ഒരുവീട്ടില്‍ കയറി കവര്‍ച്ച നടത്തിയതടക്കം മൂന്ന് കേസുകളാണ് മഞ്ചേരിയിലും അരീക്കോടുമായി ഫൈസലിനുള്ളത്. ഇതോടെ സ്വര്‍ണ്ണ കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 46 ആയി. ടിപ്പറടക്കം 17 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ്,കൊണ്ടോട്ടി ഡിവൈ.എസ്.പി അഷ്രഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്