വിദ്യാര്‍ത്ഥിനിയുടെ മരണം: അവലോകന യോഗം ചേര്‍ന്നു

മഞ്ചേരി : പതിനാലുകാരിയായ വിദ്യാര്‍ത്ഥിനിയുടെ മരണം സംബന്ധിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സബൂറ ബീഗത്തിന്റെ അദ്ധ്യക്ഷതയില്‍ ഡോക്ടര്‍മാരുടെ അവലോകന യോഗം നടന്നു.  യോഗത്തില്‍ ആശുപത്രി സൂപ്രണ്ട്, നിപ നോഡല്‍ ഓഫീസര്‍, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ഡിപ്പാര്‍ട്‌മെന്റിന് കീഴിലുള്ള മൈക്രോ ബയോളജി, കമ്മ്യൂണിറ്റി മെഡിസിന്‍, ഫോറന്‍സിക് വിഭാഗങ്ങളുടെ മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു. 

നിപ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മരണപ്പെട്ട കുട്ടിയുടെ സ്രവം പൂണെ വൈറോളജി ലബോറട്ടറിയിലേക്കയച്ചു.  പ്രാഥമിക പരിശോധനയില്‍ കുട്ടിക്ക് നിപ ബാധയില്ലെന്നും കൊവിഡ് പരിശോധന ഫലം നെഗറ്റീവെന്നും കണ്ടെത്തിയിട്ടുണ്ട്.      അരീക്കോട് പൊലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.