താലിബാൻ യുഗത്തിലേക്കാണോ കേരളം പോകുന്നത്: ബി ജെ പി ജനങ്ങളെ സംഘടിപ്പിച്ച് ഭാഷ പിതാവിൻ്റെ പ്രതിമ സ്ഥാപിക്കാൻ മുന്നോട്ട് വരും, കെ സുരേന്ദ്രൻ

തിരൂർ: പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. കെ സുധാകരനല്ല പിണറായി വിജയനാണ് യോഗം വിളിക്കേണ്ടത്. മലപ്പുറം ജില്ലയിലെ കോൺഗ്രസിനും മുസ്ലീം ലീഗിനും സിപിഎമ്മിനും താലിബാൻ മനസാണുള്ളതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.


ഹരിത വിഷയത്തിൽ പാണക്കാട് കുടുംബം എടുത്തത് സ്ത്രീവിരുദ്ധമായ നിലപാടാണ്. പാണക്കാട് കുടുംബത്തിന് ചേർന്ന നടപടിയല്ല ഇത്. ഹരിതയിൽ നടപ്പായത് താലിബാൻ രീതിയാണ്. താലിബാൻ യുഗത്തിലേക്കാണോ കേരളം പോകുന്നത് ?തെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സ്ത്രീകൾക്ക് മലപ്പുറത്ത് ഫോട്ടോയുള്ള പോസ്റ്റർ പുറത്തിറക്കാനാകുന്നില്ല. പെൺകുട്ടികളെ ലൈംഗികമായി അധിക്ഷേപിച്ച എം.എസ്.എഫ് നേതാവിനെതിരെ എന്ത് നടപടിയാണ് ലീഗ് എടുത്തത് ? ഇതാണ് താലിബാനിസം.


തുഞ്ചത്തെഴുത്തച്ഛൻ്റെ പ്രതിമ സ്ഥാപിക്കാൻ സമരം ചെയ്യേണ്ടി വരുന്നത് കേരളത്തിൽ മാത്രം നടക്കുന്ന കാര്യമാണ്. മലയാള ഭാഷ പിതാവിൻ്റെ പ്രതിമ സ്ഥാപിക്കുന്നത് തടയാൻ ചിലർ ശ്രമിക്കുന്നത് നാണക്കേടാണ്. എന്തുകൊണ്ട് പ്രതിമ സ്ഥാപിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണം. തിരൂരിൽ തുഞ്ചൻ പ്രതിമ സ്ഥാപിക്കാൻ മുഖ്യമന്ത്രി മുൻകൈയ്യെടുക്കണമെന്നും സർക്കാർ തയ്യാറായില്ലെങ്കിൽ തിരൂരിൽ ബിജെപി തുഞ്ചൻ പ്രതിമ സ്ഥാപിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.