സൗദിയിലെ നിയമക്കുരുക്കഴിഞ്ഞു, മലപ്പുറം സ്വദേശി നാട്ടിലേക്ക്

റിയാദ്: വര്‍ഷങ്ങളായി നിയമക്കുരുക്കില്‍ അകപ്പെട്ട മലപ്പുറം സ്വദേശി മുഹമ്മദ് റഫീഖിന് ഖസീം പ്രവാസി സംഘം തുണയായി. ഇദ്ദേഹം അല്‍ ഖസീമിലെ ഉനൈസയില്‍ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ജോലിചെയ്തു വരികയായിരുന്നു. ഇതിനിടെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് നിയമക്കുരുക്കില്‍ അകപ്പെടുകയായിരുന്നു.

നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് റഫീഖിന് ഖസീം പ്രവാസി സംഘം പ്രവര്‍ത്തകര്‍ യാത്രാരേഖകള്‍ കൈമാറുന്നു

വിഷയം ശ്രദ്ധയില്‍ പെട്ട ഖസീം പ്രവാസി സംഘം കേന്ദ്രജീവകാരുണ്യ വിഭാഗം, വിവരങ്ങള്‍ ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും സൗദിയിലെ വിവിധ വകുപ്പുകളുടെ സഹായത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. കഴിഞ്ഞദിവസം ഖസീം പ്രവാസി സംഘം ഉനൈസ ഏരിയാകമ്മറ്റി പ്രവര്‍ത്തകരായ നൗഷാദ്, മനാഫ്, ഉമര്‍, ഗഫൂര്‍ എന്നിവര്‍ ചേര്‍ന്ന് വിമാന ടിക്കറ്റ് ഉള്‍പ്പെടെയുള്ള യാത്രാരേഖകളും ധനസഹായവും കൈമാറി. മുഹമ്മദ് റഫീക്ക് ബുധനാഴ്ച നാട്ടിലേക്ക് പുറപ്പെട്ടു. കേന്ദ്ര ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ നൈസാം തൂലിക, സാമൂഹിക പ്രവര്‍ത്തകന്‍ ഹരിലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിയമ സഹായങ്ങള്‍ നല്‍കി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്.