പ്ലസ് വൺ സീറ്റ് അപര്യാപ്തത ജില്ലാ പഞ്ചായത്ത് കോടതിയിലേക്ക്

മലപ്പുറം: ജില്ലയിൽ അപേക്ഷയ്ക്ക് ആനുപാതികമായി പ്ലസ് വൺ സീറ്റുകൾ അനുവദിക്കുന്നതിന് നടപടി ആവശ്യപ്പെട്ടു കോടതിയെ സമീപിക്കാൻ മലപ്പുറം ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. ജില്ലയിലെ സാഹചര്യം കണക്കിലെടുത്തു കൂടുതൽ പ്ലസ്ടു ബാച്ചുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ടു ജില്ലാ പഞ്ചായത്ത് അംഗങ്ങളടങ്ങിയ സർവകക്ഷി സംഘം തിരുവനന്തപുരത്തെത്തി വിദ്യാഭ്യാസ മന്ത്രിയെ കണ്ടിരുന്നു. എന്നാൽ, ആവശ്യം അംഗീകരിക്കാനാവില്ലെന്നു സർക്കാർ രേഖാമൂലം അറിയിച്ചതായി പ്രസിഡന്റ് എം.കെ.റഫീഖ അറിയിച്ചു.

തുടർന്നാണ് ഇന്നലെ ചേർന്ന ജില്ലാ പഞ്ചായത്ത് യോഗം സർക്കാരിനെതിരെ നിയമ നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. സിപിഎം അംഗം ഇ.അഫ്സൽ തീരുമാനത്തെ എതിർത്തു. പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്മെന്റ് പൂർത്തിയായപ്പോൾ 30882 വിദ്യാർഥികൾക്കാണു പ്രവേശനം ലഭിച്ചത്. 46955 പേർ ഇപ്പോഴും പുറത്താണ്. സർക്കാരിനു സാമ്പത്തിക ബാധ്യത വരാത്ത രീതിയിൽ പുതിയ ബാച്ചുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ടെങ്കിലും നിഷേധാത്മക മറുപടിയാണു ലഭിച്ചതെന്നു വൈസ് പ്രസിഡന്റ് ഇസ്‌മായിൽ മൂത്തേടം പറഞ്ഞു.

ബാച്ചിന് ആവശ്യമായ കെട്ടിടങ്ങൾ നിർമിച്ചു നൽകാൻ ജില്ലാ പഞ്ചായത്ത് സന്നദ്ധത അറിയിച്ചിരുന്നു. ഒരു വർഷത്തേക്ക് അതിഥി അധ്യാപകർക്കു നൽകേണ്ട ശമ്പളം ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളും കണ്ടെത്താമെന്നും അറിയിച്ചു. ഇതു സർക്കാർ പരിഗണിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരിനെതിരെ കോടതിയെ സമീപിക്കാനുള്ള തീരുമാനം യോഗത്തിൽ ചൂടേറിയ ചർച്ചയ്ക്കു കാരണമായി.

മലപ്പുറത്ത് ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങൾ കുറവാണെന്നതു യാഥാർഥ്യമാണെന്നും അതിൽ
സർക്കാരിനെ മാത്രം കുറ്റപ്പെടുത്തുന്നതിൽ അർഥമില്ലെന്നും ഇടത് അംഗം അഫ്സൽ പറഞ്ഞു. കൂടുതൽ കാലം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തവർ എന്തു ചെയ്തുവെന്നു ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ യുഡിഎഫ് അംഗങ്ങൾ രംഗത്തെത്തി.