ജില്ലയില്‍ 30218 മുന്‍ഗണനാ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി
ജില്ലയില്‍ അനര്‍ഹമായി കൈവശം വച്ച 30,218 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അനര്‍ഹമായി കൈവശം വച്ച മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ സ്വമേധയാ തിരിച്ചേല്‍പ്പിക്കുന്നതിന് ഭക്ഷ്യ വകുപ്പ് നല്‍കിയ അവസരം ഉപയോഗിച്ചും കൈവശം വച്ചവരെ സംബന്ധിച്ച വിവരം നല്‍കുന്നതിനായി സിവില്‍ സപ്ലൈസ് വകുപ്പ് പ്രസിദ്ധീകരിച്ച മൊബൈല്‍ നമ്പറില്‍ ലഭിച്ച പരാതികളിലൂടെയുമാണ് അനര്‍ഹരെ കണ്ടെത്തി പൊതുവിഭാഗത്തിലേക്ക് മാറ്റിയത്.
ഒക്ടോബര്‍ 15നകം ജില്ലയില്‍ 9,376 മുന്‍ഗണനാ കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഏറനാട് താലൂക്കില്‍ 1,232, നിലമ്പൂര്‍ 1,031, പെരിന്തല്‍മണ്ണ 1,516, തിരൂര്‍ 2,181, തിരൂരങ്ങാടി 1,594, പൊന്നാനി 671, കൊണ്ടോട്ടി 1,151 എന്നിങ്ങനെയാണ് മുന്‍ഗണനാ കാര്‍ഡുകള്‍ നല്‍കുന്നത്. ജില്ലയില്‍ അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചവരെക്കുറിച്ചുള്ള വിവരം പൊതുജനങ്ങള്‍ക്ക് 9495998223 എന്ന നമ്പറില്‍ വിളിച്ചോ, വാട്‌സ് ആപ്പ് വഴി സന്ദേശമായോ അറിയിക്കാം. മുന്‍ഗണനാ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള അനര്‍ഹരെ കണ്ടെത്തുന്നതിന് താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള പരിശോധന ജില്ലയില്‍ തുടരുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.