ഭാര്യയെ കഴുത്തുമുറുക്കി കൊന്നു; ഷമീര്‍ പിടിയിലായത് ആത്മഹത്യക്ക് തയ്യാറെടുക്കുന്നതിനിടെ
വാഴക്കാട്: മക്കളുടെ മുന്നിലിട്ട് ഭാര്യയെ കഴുത്തുമുറുക്കിക്കൊന്ന് ഒളിവില്‍പ്പോയ ഭര്‍ത്താവിനെ വൈകുന്നേരത്തോടെ പിടികൂടി. വാഴക്കാട് പഞ്ചായത്തിലെ അനന്തായൂരില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. അനന്തായൂര്‍ ഇളംപിലാറ്റാശ്ശേരി കുഞ്ഞിമുഹമ്മദിന്റെയും നഫീസയുടെയും മകള്‍ ഷാക്കിറ(27)യെയാണ് ഭര്‍ത്താവ് ഷമീര്‍ (34) കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ മുറുക്കി കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ച രാത്രി രണ്ടുമണിക്ക് വീട്ടിനകത്തുവെച്ചാണ് സംഭവം. കൊലയ്ക്കുശേഷം വീട്ടുടമസ്ഥനെ ഫോണില്‍ വിളിച്ചുപറഞ്ഞശേഷമാണ് ഷമീര്‍ നാടുവിട്ടത്.
വീട്ടുടമസ്ഥന്‍ രാത്രിതന്നെ പഞ്ചായത്തംഗത്തേയും വാഴക്കാട് പോലീസിനെയും വിവരമറിയിച്ചു.
പോലീസെത്തി വീട്ടില്‍കയറി നോക്കിയപ്പോള്‍ ഡൈനിങ് ഹാളില്‍ കഴുത്തില്‍ കയര്‍മുറുകി മരിച്ചുകിടക്കുന്ന ഷാക്കിറയെയാണ് കണ്ടത്.
ഏഴുമാസത്തോളമായി അനന്തായൂരില്‍ വാടകയ്ക്കുതാമസിക്കുകയാണിവര്‍.
കോഴിക്കോട് ജില്ലയിലെ മുക്കം മണാശ്ശേരി സ്വദേശിയാണ് ഷമീര്‍. പത്തുവര്‍ഷം മുമ്പു മുണ്ടുമുഴി അനന്തായൂര്‍ ഭാഗത്ത് കല്ലുവെട്ട് ജോലിക്കെത്തിയ ഇയാള്‍, ഷാക്കിറയെ വിവാഹം കഴിച്ചു.
മക്കള്‍: ഷംന (7), മുഹമ്മദ്സിനാന്‍ (5). ഷാക്കിറയുടെ സഹോദരങ്ങള്‍: ലിയാഖത്തലി, മുനീര്‍, ഉമര്‍ശാദിഖ്.
പ്രതിക്കായി കൊണ്ടോട്ടി ഡിവൈ.എസ്.പി.കെ. അഷ്റഫിന്റെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. ഫോണ്‍ സ്വിച്ച് ഓഫാകുമ്പോള്‍ കോഴിക്കോട് മാവൂര്‍ ഭാഗത്തായിരുന്നു.
മാവൂര്‍ ഭാഗം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പൂട്ടിയിട്ട മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് പരിസരത്തെ കുറ്റിക്കാട്ടില്‍നിന്നു പ്രതിയെ പിടികൂടി.
കൊണ്ടോട്ടി താഹസില്‍ദാര്‍ അബൂബക്കറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. മലപ്പുറം വിരലടയാള, മൊബൈല്‍ ഫൊറന്‍സിക് വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവരും സ്ഥലത്തെത്തി.
ഉച്ചയ്ക്ക് രണ്ടുമണിയോടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി.
ഷമീറിനെ പിടികൂടിയത് ആത്മഹത്യക്ക് തയ്യാറെടുക്കുന്നതിനിടെ
വാഴക്കാട്: ഭാര്യയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയ മുക്കം മലമയമ്മ മുത്തലം അത്തിക്കാട്ട് വീട്ടില്‍ സതീശി(മുഹമ്മദ് ഷമീര്‍- 41)നെ മണിക്കൂറുകള്‍ക്കകം പിടികൂടാന്‍ കഴിഞ്ഞത് പോലീസിന് നേട്ടമായി. മാവൂര്‍ ഗ്വാളിേയാര്‍ റയോണ്‍സിന്റെ കാടുമൂടിക്കിടക്കുന്ന സ്ഥലത്ത് ആത്മഹത്യക്കൊരുങ്ങി നില്‍ക്കവെയാണ് ഷമീര്‍ പോലീസിന്റെ പിടിയിലായത്.
കൊലപാതകം അറിഞ്ഞയുടന്‍തന്നെ പോലീസ് ഷമീറിനുവേണ്ടി തിരച്ചില്‍ തുടങ്ങിയിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഷമീറിന്റെ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ മാവൂര്‍ ഭാഗത്തുവെച്ച് ഫോണ്‍ ഓഫായതായി കണ്ടെത്തി. എളമരം ഭാഗത്തേക്ക് വഴി ചോദിച്ചതായും റോഡില്‍ ഇയാളെ കണ്ടതായും നാട്ടുകാര്‍ അറിയിച്ചതോടെ അന്വേഷണം മാവൂര്‍ കേന്ദ്രീകരിച്ചായി. മാവൂരില്‍ ഷമീറിന് മദ്യം നല്‍കിയയാളും പോലീസിന് വിവരങ്ങള്‍ കൈമാറി. തുടര്‍ന്ന് അന്വേഷണം ഗ്വാളിയാര്‍ റേയാണ്‍സിന്റെ കാടുമൂടിക്കിടക്കുന്ന പി.എച്ച്ഡി. ഭാഗം കേന്ദ്രീകരിച്ചായി. ഇയാള്‍ ആത്മഹത്യചെയ്യാനുള്ള സാധ്യത പരിഗണിച്ച് കുറ്റിക്കാടുകളും മുള്‍പടര്‍പ്പുകളും പരിശോധിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്.
കുറ്റിക്കാടും മുള്‍പ്പടര്‍പ്പുകളും നിറഞ്ഞ ഒരിടത്ത് കരിയിലകള്‍ക്കിടയിലൂടെ നടന്നുപോയതിന്റെ അടയാളം കണ്ടു. തുടര്‍ന്ന് അന്വേഷണസംഘം മുള്‍ക്കാട്ടിലൂടെ ഇഴഞ്ഞുകയറി സാഹസികമായാണ് ഷമീറിന്റെ ഒളിയിടം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ടോടെ പോലീസ് എത്തുമ്പോള്‍ അടിവസ്ത്രം മാത്രം ധരിച്ച് കരിയിലകള്‍ക്കിടയില്‍ മദ്യപിച്ചു കിടക്കുകയായിരുന്നു. കൈയില്‍ കത്തിയും തൊട്ടരികില്‍ മദ്യക്കുപ്പിയുമുണ്ടായിരുന്നു. പോലീസ് അനുനയിപ്പിച്ച് കത്തിയും മദ്യക്കുപ്പിയും കൈവശപ്പെടുത്തിയശേഷം പുറത്തെത്തിച്ചു. ഭക്ഷണം കഴിക്കാതെ ഇയാള്‍ അവശനായിരുന്നു. മദ്യത്തില്‍ വിഷം കലര്‍ത്തിയിരുന്നെന്നും ശനിയാഴ്ച പത്രം കണ്ട് ഭാര്യയുടെ മരണം ഉറപ്പാക്കിയശേഷം മദ്യം കുടിച്ചും കത്തികൊണ്ട് കൈ ഞരമ്പ് മുറിച്ചും ആത്മഹത്യചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായാണ് ഷമീര്‍ പോലീസിനോട് പറഞ്ഞത്.
വാഴക്കാട് സി.ഐ. കുഞ്ഞിമോയിന്‍കുട്ടി, എസ്.ഐ. കെ. നൗഫല്‍, എ.എസ്.ഐ. കൃഷ്ണദാസ്, അബ്ദുല്‍റാഷിദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ
പിടികൂടിയത്.