ഇന്ന് മുതൽ ജില്ലയിൽ ന്യൂമോകോക്കൽ കൺജുഗേറ്റ് (പിസിവി ) വാക്സിൻ നല്‍കി തുടങ്ങി.
മലപ്പുറം : ജില്ലയിൽ ഒക്ടോബര്‍ 6 മുതൽ കുഞ്ഞുങ്ങൾക്കായി ന്യൂമോകോക്കൽ കൺജുഗേറ്റ് (പിസിവി ) വാക്സിൻ നല്‍കി തുടങ്ങി.
യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി പുതിയതായി ഉൾപ്പെടുത്തിയ ന്യൂമോ കോക്കൽ കൺജുഗേറ്റ് വാക്സിൻ (പിസിവി) ആണ് ഒക്ടോബർ 6 മുതൽ നല്‍കി തുടങ്ങിയത്.
ന്യൂമോകോക്കല്‍ രോഗത്തിനെതിര ഒന്നരമാസം പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ന്യൂമോ കോക്കൽ കൺജുഗേറ്റ് വാക്സിൻ (പിസിവി) നൽകേണ്ടതാണ്. കുഞ്ഞിന് ഒന്നര മാസത്തില്‍ മറ്റ് വാക്സിൻനെടുക്കാനുള്ള സമയത്ത്മാത്രം പിസിവി നൽകിയാൽ മതി. ഈവാക്‌സിന്റെ ആദ്യഡോസ് എടുക്കാനുള്ള ഉയര്‍ന്ന പ്രായപരിധി ഒരുവയസാണ്. ഒന്നരമാസത്തെ ആദ്യ ഡോസിന് ശേഷം മൂന്നരമാസം, 9 മാസം എന്നിങ്ങനെയാണ് വാക്സിൻ നൽകുന്നത്.
സ്ട്രെപ്റ്റോ കോക്കസ് ന്യൂമോണിയ അഥവാ ന്യുമോ കോക്കസ് എന്ന രോഗാണു പരത്തുന്ന ഒരു കൂട്ടം രോഗങ്ങളെയാണ് ന്യൂമോകോക്കൽ രോഗം എന്ന് വിളിക്കുന്നത് . ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ , മെനിജൈറ്റിസ് എന്നിവയിൽ നിന്നും കുഞ്ഞുങ്ങൾക്ക് ഈ വാക്സിൻ സംരക്ഷണം നൽകും . ഈ രോഗാണു ശരീരത്തിൻ്റെ പല ഭാഗങ്ങളിലായി വ്യാപിച്ചു പല തരത്തിലുള്ള രോഗങ്ങൾ ഉണ്ടാകാം . ഗുരുതരമായ ശ്വാസകോശ അണുബാധയുടെ ഒരു രൂപമാണ് ന്യൂമോകോക്കൽ ന്യൂമോണിയ. അഞ്ചു വയസിനു താഴെയുള്ള കുട്ടികളുടെ മരണത്തിനുള്ള ഒരു പ്രധാന കാരണം ന്യൂമോകോക്കൽ ന്യൂമോണിയ ആണന്നാണ് കണ്ടെത്തിയിട്ടുള്ളത്. മാത്രമല്ല ഈ രോഗബാധ കുടുംബത്തിന് വലിയ സാമ്പത്തിക ബാദ്ധ്യതയും ഉണ്ടാക്കും.
ചുമ, കഫക്കെട്ട്, ശ്വാസം എടുക്കാൻ പ്രയാസം, പനി ശ്വാസംമുട്ടല്, നെഞ്ചുവേദന എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. കുട്ടികൾക്ക് അസുഖം കൂടുതലാണെങ്കിൽ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ട് വന്നേക്കാം. ഒപ്പം ഹൃദയാഘാതമുണ്ടാകാനോ അബോധാവസ്ഥയിലേക്ക് പോകാനോ മരണമടയാനോ സാധ്യതയുണ്ട്. യൂണിവേഴ്സല് ഇമ്മ്യൂണൈസേഷന് പരിപാടിയുടെ ഭാഗമായി രാജ്യത്ത് പിസിവി വാക്സിനേഷൻ സൗജന്യമാണ്. സ്വകാര്യആശുപത്രികളിൽ 2000 രൂപ വരെ വിലയുള്ള പി സി വി വാക്സിൻ ആണ് സർക്കാർ ആശുപത്രികളിൽ സൗജന്യമായി നൽകുന്നത് .
മെഡിക്കൽ ഓഫീസര്മാര്ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ള വിദഗ്ധ പരിശീലനത്തിന് ശേഷമാണ് ജില്ലയിൽ വാക്സിനേഷൻ ആരംഭിക്കുന്നത്.
പി. സി. വി വാക്സിനേഷന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ കെ സക്കീന നിർവഹിച്ചു . ജില്ലാ RCH ഓഫീസർ ഡോ രാജേഷ്. വി. പി, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസർ പി രാജു താലൂക് ആസ്പത്രി സൂപ്രണ്ട് ഡോ.അലിഗർ ബാബു, ശിശുരോഗ വിദഗ്ധൻ ഡോ ഷിബു കിഴക്കാത്ര എന്നിവർ പങ്കെടുത്തു.