സ്‌കൂള്‍ ബസ് – അപ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാൻ സാധിക്കില്ല: എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍
മലപ്പുറം: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ മാനദണ്ഡ പ്രകാരം സ്‌കൂള്‍ ബസുകള്‍ ഓടിക്കുന്നത് തീര്‍ത്തും അപ്രായോഗികമായതു കൊണ്ട് സ്‌കൂള്‍ ബസുകള്‍ നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം ഓടിക്കേണ്ടതില്ലെന്ന് കേരള പ്രൈവറ്റ് സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ ( കെ പി എസ് എം എ ) മലപ്പുറം ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
സമൂഹത്തിലെ പാവപ്പെട്ടവനും സാധാരണക്കാരുമായ വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് സര്‍ക്കാര്‍ – എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ കൂടുതലായും ആശ്രയിക്കുന്നത് പൊതു ഗതാഗതത്തെയാണ്. 50 ഉം 60 ഉം കുട്ടികള്‍ യാത്രക്കാരായി വരുന്ന ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ വരുകയും , സ്‌കൂള്‍ ബസുകള്‍ ഓടിക്കുമ്പോള്‍ ഒരു സീറ്റില്‍ ഒരു കുട്ടി എന്ന തീര്‍ത്തും അപ്രായോഗികമായ നിര്‍ദ്ദേശങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് കുട്ടികളോട് ചെയ്യുന്ന അനീതിയാണെന്ന് യോഗം വിലയിരുത്തി. സര്‍ക്കാര്‍ അടിയന്തിരമായി പൊതുഗതാഗത സംവിധാനത്തെ പോലെ തന്നെ സ്‌കൂള്‍ ബസ്സുകളില്‍ മുഴുവന്‍ സീറ്റിലും യാത്രാ അനുമതി നല്‍കണമെന്നും യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സാധ്യമായ മുഴുവന്‍ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുവാനും സര്‍ക്കാറുമായി സഹകരിക്കുവാനും യോഗം തീരുമാനിച്ചു.
നിലവില്‍ ഒഴിഞ്ഞു കിടക്കുന്ന എല്ലാ തസ്തികകളിലേക്കും കെ ഇ ആര്‍ മാനദണ്ഡ പ്രകാരം നിയമനം നടത്തുവാനും നിലവില്‍ നടത്തിയ മുഴുവന്‍ നിയമനങ്ങള്‍ക്കും അംഗീകാരം നല്‍കണമെന്നും ഹയര്‍ സെക്കന്ററി മേഖലയില്‍ യോഗ്യരായ മുഴുവന്‍ കുട്ടികള്‍ക്കും പ്രവേശനം ലഭ്യമാക്കുന്ന രീതിയില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ വി കെ ഹാഷിം കോയ തങ്ങള്‍ , ജില്ലാ ജന. സെക്രട്ടറി സൈനുല്‍ ആബിദ് പട്ടര്‍കുളം, മോഹനകൃഷ്ണന്‍ തേഞ്ഞിപ്പലം, ഹുസൈന്‍ ഹാജി കുറ്റൂര്‍, അനസ് എടപ്പാള്‍, നാരായണന്‍ പരപ്പനങ്ങാടി, അഷ്‌റഫ് അലി കല്ലത്തിച്ചിറ, കമറുദ്ദീന്‍ ചെറുവത്തൂര്‍, സത്താര്‍ മാസ്റ്റര്‍കൊണ്ടോട്ടി, മുഹമ്മദ് മാസ്റ്റര്‍ ഉമ്മത്തൂര്‍ ഷംസുദ്ദീന്‍ പെരിന്തല്‍മണ്ണ, മുബാറക്ക് പടിഞ്ഞാറ്റുംമുറി, ലുഖ്മാന്‍ മങ്കട, മുഹമ്മദ് എന്ന മാനു താഴെക്കോട് , ഷംസു മാസ്റ്റര്‍ വേങ്ങര തുടങ്ങിയവര്‍ പ്രസംഗിച്ചു