യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ താനൂർ പൊലീസ് സാഹസികമായി പിടികൂടി

താനൂർ: ഉണ്യാലിൽ യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ താനൂർ പൊലീസ് സാഹസികമായി പിടികൂടി. ഉണ്യാൽ സ്വദേശി കൊണ്ടാരൻ്റെ പുരക്കൽ ഷൗക്കത്തലി(26)യെയാണ് വണ്ടൂർ വാണിയമ്പലത്ത് വെച്ച് പിടികൂടിയത്.

ശനിയാഴ്ച ഉച്ചയോടെയാണ് വാക്ക് തർക്കത്തെ തുടർന്ന് സഹോദരനായ  ജലാലി(32)നെ അക്രമിക്കുകയും വാളുകൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത്. ജലാൽ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. താനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പ്രതി സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഊട്ടിറോഡിൽ തമിഴ്നാട്ടിലേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതിയെ പിടികൂടിയത്. താനൂർ ഡിവൈഎസ്പി മൂസ്സ വള്ളിക്കാടന്റെ നിർദേശപ്രകാരം താനൂർ സിഐ ജീവൻ ജോർജ്, എസ്ഐ എൻ ശ്രീജിത്ത്, സിപിഒമാരായ കെ സലേഷ്, അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ പേരിൽ നാലു കേസുകൾ നേരേത്തെ ഉണ്ട്. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ പ്രതിയെ കണ്ടത്തി പിടികൂടിയത് ശ്രദ്ധേയമായി. പ്രതിയെ മലപ്പുറം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.