ഇരുചക്ര യാത്രയിൽ കുട്ടികൾക്ക് ഹെല്‍മെറ്റും ബെല്‍റ്റും നിര്‍ബന്ധമാക്കി

ന്യൂഡൽഹി: ഇരു ചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന കുട്ടികള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം. 2016 ലെ ബിഐഎസ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഹെല്‍മെറ്റ് ഇനി കുട്ടികള്‍ക്കും നിര്‍ബന്ധം. കുട്ടികളുമായുള്ള യാത്രയില്‍ വേഗത 40 കിലോമീറ്ററില്‍ കൂടരുതെന്നും നിര്‍ദേശമുണ്ട്. വാഹനം ഓടിക്കുന്ന ആളും കുട്ടികളും തമ്മിൽ ബന്ധിപ്പിക്കുന്നതിന് നൈലോൺ കൊണ്ട് ഉണ്ടാക്കിയ ബലമേറിയ ബെൽറ്റ് ഉപയോഗിക്കണം.

ഒമ്പത് മാസം മുതല്‍ നാല് വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് പുതുതായി ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയത്. സാധാരണ ഗതിയില്‍ നാല് വയസില്‍ താഴെ പ്രായമുള്ള കുട്ടുകളെ മുതിര്‍ന്ന യാത്രക്കാരായി പരിഗണിച്ചിരുന്നില്ല.