തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ കോവിഡ് നിയമാവലികള്‍ കര്‍ശനമായി പാലിക്കണം
ജില്ലയില്‍ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കോവിഡ് നിയമാവലികള്‍ പൂര്‍ണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. കോവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പ്രവര്‍ത്തകരും പൊതുജനങ്ങളും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
* കോവിഡ് പോസിറ്റീവായ രോഗികളോ ക്വാറന്റൈനില്‍ ഇരിക്കുന്ന വ്യക്തികളോ ഉള്ള വീടുകളില്‍ നേരിട്ട് പോകാതെ ഓണ്‍ലൈനായോ ഫോണ്‍ വഴിയോ വോട്ടഭ്യര്‍ത്ഥിക്കാം.
* അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ ഒരു വീട്ടില്‍ ഒരേ സമയം പ്രചാരണത്തിന് പങ്കെടുക്കരുത്.
*വീടുകളില്‍ നേരിട്ട് പ്രചാരണം നടത്തുന്നവര്‍ ഒരു കാരണവശാലും വീടിനകത്തേക്ക് പ്രവേശിക്കരുത്. പ്രചരണത്തിലുള്ളവര്‍ പരസ്പരവും വീട്ടുക്കാരുമായും കൃത്യമായ സാമൂഹിക അകലം പാലിക്കണം.
*തെരഞ്ഞെടുപ്പ് പ്രവര്‍ത്തകര്‍ വീടുകളിലെത്തുമ്പോള്‍ കുട്ടികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, ഗര്‍ഭിണികള്‍, മറ്റ് അസുഖങ്ങളുള്ളവര്‍ എന്നിവര്‍ ഒഴികെ മറ്റുള്ളവര്‍ മാത്രം മാസ്‌ക് വച്ച് സാമൂഹിക അകലം പാലിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തകരുമായി സംസാരിക്കണം.
* പൊതുയോഗങ്ങള്‍, കുടുംബയോഗങ്ങള്‍ എന്നിവ പരാമാവധി ഒഴിവാക്കുകയും അവ നടത്തുമ്പോള്‍ പൊലീസിന്റെ മുന്‍കൂര്‍ അനുമതിയോടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തണം.
* ജാഥ, ആള്‍ക്കൂട്ടം, കൊട്ടികലാശം എന്നിവ ഒഴിവാക്കണം.
* തെരഞ്ഞെടുപ്പ് പ്രചരണത്തിന് നോട്ടീസ്, ലഘുലേഖ എന്നിവ പരിമിതപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം.
* വീടുകളില്‍ എന്തെങ്കിലും വിതരണം ചെയ്യുന്നുണ്ടെങ്കില്‍ അതിനു ശേഷം തെരഞ്ഞെടുപ്പ് പ്രവര്‍ത്തകരും വീട്ടുക്കാരും കൈ അണു നശീകരണം നടത്തണം.
* റോഡ് ഷോ, വാഹനറാലി എന്നിവയില്‍ പരമാവധി മൂന്ന് വാഹനങ്ങളായി പരിമിതപ്പെടുത്തുകയും വാഹനങ്ങളില്‍ എയര്‍ കണ്ടീഷണര്‍ ഒഴിവാക്കുകയും ജനാലകള്‍ തുറന്നിടുകയും വേണം.
* പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ പ്രചരണത്തിന് ഇറങ്ങരുത്. അങ്ങനെയുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് കോവിഡ് പരിശോധന നടത്തേണ്ടതാണ്.
* പ്രചരണത്തില്‍ പങ്കെടുക്കുന്ന എല്ലാവരും ഇടക്കിടെ കൈ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് അണുനശീകരണം നടത്തണം.
* തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നവര്‍ സ്വന്തം വീടുകളിലും മാസ്‌ക് ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം