കരുവാരക്കുണ്ടിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു: കെണിയിലാക്കാൻ കൂട് ഒരുങ്ങി

കരുവാരക്കുണ്ട് : കുണ്ടോടയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ കെണിയിലാക്കാൻ കൂട് വെച്ചു. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ഫോറസ്റ്റ് അധികൃതർ കൂട് സ്ഥാപിച്ചത്. ഫോറസ്റ്റ് അധികൃതർ ചൊവാഴ്ച സ്ഥാപിച്ച ക്യാമറയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെയാണ് കൂട് വെച്ചത്. കടുവ പിടിച്ച പന്നിയുടെ ജഡത്തിന്റെ പകുതിഭാഗം കഴിഞ്ഞദിവസം ഭക്ഷിച്ചതായി കണ്ടെത്തിട്ടുണ്ട്. ഇതോടെയാണ് കടുവ കുണ്ടോട പ്രദേശത്ത് തന്നെയുള്ളതായി സ്ഥിരീകരിക്കുന്നത്. കടുവയുടെ കൂട്ടിൽ ഇരയായി പട്ടിയെയാണ് ഇട്ടിട്ടുള്ളത്. പട്ടിയുടെ കരച്ചിൽ കേൾക്കുന്നതോടെ കടുവ കൂടിന് അടുത്ത് വരാനാണ് സാധ്യത. തുടർച്ചയായി മൂന്നാംദിവസമാണ് കുണ്ടോടയിൽ കടുവയുടെ സാന്നിധ്യം തിരിച്ചറിയുന്നത്.

ബുധനാഴ്ച ടാപ്പിങ് തൊഴിലാളികളോടും സമീപത്തെ കർഷകരോടും കൃഷിയിടത്തിൽ ഇറങ്ങരുതെന്ന് അധികൃതർ കർശന നിർദേശം നൽകിയിരുന്നു. കുണ്ടോടയ്ക്ക് സമീപമുള്ള സൈലന്റ്‌വാലി ബഫർ സോണിൽനിന്നാണ് കടുവ ഇറങ്ങിയിട്ടുള്ളത്. ഡ്രോൺ പരിശോധന നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ. ഇതിനായി സൈലന്റ്‌വാലി ബഫർസോൺ അധികൃതരുടെ സഹായവും തേടിയിട്ടുണ്ട്.

മൂന്ന് ആടുകളെ കൊന്നതായി നാട്ടുകാർ

ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ മൂന്ന് ആടുകളെ കൊന്നതായി നാട്ടുകാർ പറഞ്ഞു. ബുധനാഴ്ച രാത്രിയിലാണ് സംഭവം. മുള്ളറയിൽ ഇറങ്ങിയ കടുവ ആര്യാടൻ അനീസിന്റെ മൂന്ന് ആടുകളെയാണ് കൊന്നത്. രണ്ടെണ്ണത്തിനെ കടിച്ചുകൊണ്ട് പോവുകയുംചെയ്തു. ഒരു ആടിന്റെ തല ഭക്ഷിച്ച നിലയിൽ കണ്ടെത്തി. ഇതാടെ സമീപവാസികൾ ഏറെ ഭീതിയിലാണ്.