കുഞ്ഞുങ്ങളുടെ പേരിൽ കേരളത്തിൽ നടക്കാൻ പോകുന്നത് കോടികളുടെ ഹെൽമറ്റ് കച്ചവടം
കൊച്ചി: ഒൻപത് മാസത്തിനു മുകളിലും നാലു വയസിൽ താഴെയുമുള്ള കുട്ടികൾക്ക് ഹെൽമറ്റും സുരക്ഷാ ബെൽറ്റും നിർബന്ധമാക്കുന്ന തീരുമാനം കുട്ടികളെ രക്ഷിക്കാനോ, അതോ ഹെമെറ്റ് നിർമ്മാതാക്കൾക്കും കച്ചവടക്കാർക്കും കോടികൾ കൊയ്യാനോ എന്ന ചോദ്യം പ്രബലമായി. അപകട സാദ്ധ്യത കുറയ്ക്കുമെന്നതിനാൽ നല്ലതാണെങ്കിലും കൃത്യമായ പഠനങ്ങൾ കൂടി അത്യാവശ്യമാണെന്നാണ് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
അപകടങ്ങളിൽ പരിക്കേറ്റ് ആശുപത്രികളിലെത്തുന്നവരിൽ നാലു വയസിൽ താഴെയുള്ളവരുടെ എണ്ണം വളരെ കുറവാണ്. ഹെൽമറ്റ് നിർബന്ധമാക്കിയതിനൊപ്പം കുട്ടികളുമായി സഞ്ചരിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ വേഗത നിജപ്പെടുത്താനുള്ള തീരുമാനമാണ് ഏറെ ശ്രദ്ധേയമെന്നും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോസർജൻ ഡോ. സുധീഷ് രാമചന്ദ്രൻ പറഞ്ഞു. ഹെൽമെറ്റിന്റെ ഭാരം, ഗുണനിലവാരം തുടങ്ങിയവയും ശാസ്ത്രീയമായി നിജപ്പെടുത്തണം.
കുട്ടികളെയും ബൈക്ക് ഓടിക്കുന്നവരെയും തമ്മിൽ ബന്ധിപ്പിക്കുന്ന ബെൽറ്റ് നിർബന്ധമാക്കുന്നതിനു മുമ്പ് അതു സംബന്ധിച്ചും പഠനം ആവശ്യമാണ്. ബെൽറ്റിനുള്ളിൽ കുട്ടിയുമായി യാത്ര ചെയ്യുമ്പോൾ ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ടാൽ കുട്ടിക്ക് അത് കൂടുതൽ ആഘാതമേൽക്കാൻ ഇടയാക്കിയേക്കും. വീഴ്ച എങ്ങനെ ആയിരിക്കുമെന്ന് മുൻകൂട്ടിക്കാണാനാകില്ല. ഓടിക്കുന്നയാൾ പിന്നിലേക്ക് മറിഞ്ഞാൽ കുട്ടിയും ഒപ്പം വീഴും. വലിയ ഭാരമാകും ആ സമയത്ത് കുട്ടിയുടെ ശരീരത്തേക്ക് വന്നു പതിക്കുക.
അപകട ശേഷം ബൈക്ക് ഓടിച്ചയാൾക്ക് കുട്ടിയെ ബെൽറ്റിൽ നിന്ന് വേർപ്പെടുത്താനാകുന്നില്ലെങ്കിൽ അത്രയും സമയം കുട്ടി അയാൾക്കൊപ്പം ഇറുകിക്കിടക്കുന്ന അവസ്ഥയും ഉണ്ടായേക്കാം. ബെൽറ്റ് ധരിപ്പിക്കുന്നത് ഉപേക്ഷിക്കണം എന്നല്ല ഉദ്ദേശിച്ചത്, തീരുമാനം നടപ്പാക്കുന്നതിനു മുമ്പ് വ്യക്തമായ പഠനം ആവശ്യമാണെന്നാണ് – അദ്ദേഹം പറഞ്ഞു.
കേരളം ഹെൽമറ്റ് മാർക്കറ്റാവും
കൊച്ചി: സുരക്ഷാബെൽറ്റുകൂടിയാവുമ്പോൾ കച്ചവടം പൊടിപൊടിക്കും. സംസ്ഥാനത്തെ 1.50 കോടിയോളം വാഹനങ്ങളിൽ 60-65 ശതമാനവും ടൂവീലറുകൾ ആണ്. സംസ്ഥാനത്ത് ആയിരം പേർക്ക് 425 വാഹനങ്ങൾ ഉണ്ടെന്നാണ് കണക്ക്. ദേശീയ ശരാശരി 18 ആണ്. ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള ചൈന പോലും കേരളത്തിന് പിന്നിലാണ്; അവിടെ ആയിരത്തിൽ 47 പേർക്കേ സ്വന്തമായി വാഹനമുള്ളൂ.
കച്ചവടത്തിലെ കളി ഇങ്ങനെ
കേരളത്തിൽ ടൂവീലറുകൾ ഏകദേശം 97 ലക്ഷം
ഇതിൽ പകുതിയോളം പേർ നാലുവയസിനു താഴെയുള്ള കുഞ്ഞുങ്ങൾക്കായി ഹെൽമെറ്റ് വാങ്ങിയാലും ഏറ്റവും കുറഞ്ഞത് 200 കോടിയുടെ കച്ചവടം വൈകാതെ നടക്കും.
-ഹെൽമെറ്റ് വില- 400 മുതൽ 1000 രൂപവരെ
(നിലവാരവും ഐ.എസ്.ഐ മുദ്രയുള്ളതുമായ ഹെൽമറ്റിന് 1000 രൂപയെങ്കിലും നൽകണം)
ടൂവീലർ യാത്രയിൽ കുട്ടികളെ മുതിർന്നവരുമായി ബന്ധിപ്പിക്കുന്ന സുരക്ഷാബെൽറ്റും (സേഫ്റ്റി ഹാർനസ്) നിർബന്ധമാക്കിയിട്ടുണ്ട്. ഇവ ഇത്രകാലം നിർബന്ധമല്ലാതിരുന്നതിനാൽ വിപണിയിൽ ലഭ്യതക്കുറവുണ്ട്. ഓൺലൈനിൽ വിവിധ നിലവാരത്തിലുള്ളവ ലഭിക്കും.
സുരക്ഷാബെൽറ്റു് ശരാശരി വില -400 രൂപ.
ഒരു ഹെൽമറ്റിന് 400 രൂപ കണക്കാക്കിയാൽപോലും ഒരുലക്ഷം ഹെൽമറ്റ് വിറ്റഴിക്കുമ്പോൾ- 4 കോടി രൂപയുടെ കച്ചവടം.
–2019-20ൽ പുതിയ വാഹനങ്ങൾ - 8.49 ലക്ഷം
-ഇതിൽ ടൂവീലറുകൾ- 5.85 ലക്ഷം (65 %)
-സംസ്ഥാനത്തെ വാർഷിക വാഹനവില്പന വളർച്ച 10.7 %