ഇന്ത്യ സ്കോട്ട്ലാൻഡിനെ 8 വിക്കറ്റിന് കീഴടക്കി
ദുബായ്: ട്വന്റി-20 ലോകകപ്പിൽ ഗ്രൂപ്പ് 2 ലെ നിർണായക മത്സരത്തിൽ സ്കോട്ട്ലാൻഡിനെതിരെ ഇന്ത്യയ്ക്ക് 8വിക്കറ്റിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്ലാൻഡ് 17.4 ഓവറിൽ 85 റൺസിന് ആൾ ഔട്ടായി. മറുപടിക്കിറങ്ങിയ ഇന്ത്യ 6.3 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അതിവേഗം വിജയ ലക്ഷ്യത്തിലെത്തി (89/2). മികച്ച ജയത്തോടെ നെറ്റ് റൺറേറ്റിൽ അഫ്ഗാനിസ്ഥാനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്താനും ഇന്ത്യയ്ക്കായി. പാകിസ്ഥാൻ നേരത്തേ തന്നെ സെമി ഉറപ്പിച്ചു കഴിഞ്ഞ ഗ്രൂപ്പിൽ ന്യൂസിലൻഡും ഇന്ത്യയും തമ്മിലാണ് പ്രധാനമായും രണ്ടാം സ്ഥാനക്കാരായി മുന്നേറാനുള്ള മത്സരം. ന്യൂസിലൻഡാണിപ്പോൾ രണ്ടാം സ്ഥാനത്തുള്ളത്.
ഹാപ്പി ബർത്ത് ഡേ കൊഹ്ലി
പിറന്നാൾ ദിനമായ ഇന്നലെ ടൂർണമെന്റിൽ ഇത്തവണ ആദ്യമായി ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്ലിയെ ടോസ് തുണയ്ക്കുകയായിരുന്നു. പ്രതീക്ഷിച്ച പോലെ ബൗളിംഗ് തിരഞ്ഞെടുത്ത കൊഹ്ലിയുടെ കണക്കു കൂട്ടൽ തെറ്റിയില്ല. സ്കോട്ടിഷ് സ്കോർ 13ൽ നിൽക്കെ ഓപ്പണർ കൈൽ കോട്സറെ (1) ക്ലീൻ ബൗൾഡാക്കി ജസ്പ്രീത് ബുംറ ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. തുടർന്ന് 19 പന്തിൽ 4 ഫോറും 1 സിക്സും ഉൾപ്പെടെ 24 റൺസെടുത്ത് നന്നായി ബാറ്റ് ചെയ്ത് വന്ന മറ്റൊരു ഓപ്പണർ ജോർജ് മുൻസിയെ ഹാർദ്ദിക്കിന്റെ കൈയിൽ എത്തിച്ച് ഷമി ഇന്ത്യയുടെ ആശങ്ക ഒഴിവാക്കി. ഏഴാം ഓവറിൽ മാത്യു ക്രോസിനേയും (2), റിച്ചി ബെറിംഗ്ടണേയും (0) ജഡേജ മടക്കിയതോടെ 29/4 എന്ന നിലയിൽ പ്രതിസന്ധിയിലേക്ക് വീണ സ്കോട്ടിഷ് പടയ്ക്ക് പിന്നീട് തിരിച്ചു വരവുണ്ടായില്ല. ഇന്ത്യയ്ക്കായി ജഡേജയും ഷമിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ബുംറ രണ്ട് വിക്കറ്റെടുത്തു.
മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്കായി 18 പന്തിൽ അർദ്ധ സെഞ്ചുറി നേടിയ കെ.എൽ. രാഹുലും (19 പന്തിൽ 50, 6 ഫോർ, 3 സിക്സ്) 16 പന്തിൽ 5 ഫോറും 1 സിക്സും ഉൾപ്പെടെ 30 റൺസ് നേടിയ രോഹിത് ശർമ്മയും ചേർന്ന് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. 3.5 ഓവറിൽ ഇന്ത്യൻ സ്കോർ 50 കടന്നു. 5 ഓവറിൽ 70 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്.
വിജയത്തിനടുത്ത് വച്ച് ഇരുവരും പുറത്തായെങ്കിലും വിരാട് കൊഹ്ലിയും (2) സൂര്യകുമാർ യാദവും (6) ചേർന്ന് ഇന്ത്യയെ വിജയതീരത്തെത്തിച്ചു. തിങ്കളാഴ്ച നമീബിയക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
ന്യൂസിലൻഡിന് ജയം
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ നബീയ 52 റൺസിന് തകർത്ത് ന്യൂസിലൻഡും സെമി പ്രതീക്ഷ സജീവമാക്കി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. മറുപടിക്കിറങ്ങിയ നമീബീയയ്ക്ക് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 111 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. പുറത്താകാതെ 21 പന്തിൽ 1 ഫോറും 3 സിക്സും ഉൾപ്പെടെ 39 റൺസ് നേടിയ ഗ്ലെൻഫിലിപ്പും 21 പന്തിൽ 1 ഫോറും 2 സിക്സും ഉൾപ്പെടെ 35 റൺസ് നേടിയ ജയിംസ് നീഷമുമാണ് അവസാന ഓവറുകളിൽ തകർപ്പൻ അടിയുമായി ന്യൂസിലൻഡിനെ മികച്ച സ്കോറിൽ എത്തിച്ചത്. തുടർന്ന് ബാറ്റിംഗിനിറങ്ങിയ നമീബിയയെ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ സൗത്തിയും ബൗൾട്ടുമാണ് പ്രതിരോധത്തിലാക്കിയത്.