കൈക്കുഞ്ഞുമായി വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന പിതാവിനെയും കുഞ്ഞിനെയും തെരുവുനായ ആക്രമിച്ചു.
മലപ്പുറം: പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ കടിച്ചെടുത്തോടാൻ തെരുവുനായയുടെ ശ്രമം. പിതാവിന്റെ കയ്യിലിരുന്ന കുഞ്ഞിനെ കടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഇരുവർക്കും പരിക്കേറ്റു. ആദ്യതവണ കുഞ്ഞിനെ മാറ്റിപ്പിടിച്ചെങ്കിലും വിടാതെ ആക്രമിച്ച തെരുവുനായയിൽനിന്ന് ഏറെ പണിപ്പെട്ട് പിതാവ് മകനെ രക്ഷിച്ചെടുത്തു.
ഇന്നലെ രാവിലെ എട്ടോടെ മെലേ അരിപ്രയിലാണു സംഭവം. മൂന്ന് മിനിറ്റോളം തെരുവുനായയുമായി മൽപിടിത്തം നടത്തിയാണ് പിതാവ് കുഞ്ഞിനെ രക്ഷിച്ചെടുത്തത്. പിതാവ് കുഞ്ഞുമായി സ്വന്തം വീടിന് മുന്നിൽ നിൽക്കുമ്പോഴാണ് റോഡിന്റെ എതിർവശത്തു നിന്നും തെരുവുനായ ഓടിയെത്തിയത്. കുഞ്ഞിനെ ലക്ഷ്യം വെച്ച് വന്ന നായ കുഞ്ഞിനെ ചാടിക്കടിക്കുകയായിരുന്നു. കുഞ്ഞിനെ മാറ്റിപ്പിടിച്ചതോടെ പിതാവിന്റെ കൈയിൽ കടിച്ചു. തട്ടിമാറ്റിയിട്ടും വിടാതെ ചീറിയടുത്ത നായ കുഞ്ഞിന്റെ തുടയിലും കടിച്ചു. ബഹളം കേട്ട് ഓടിയെത്തിയ ഭാര്യയ്ക്കു കുഞ്ഞിനെ കൈമാറിയിട്ടും തെരുവുനായ ആക്രമണം തുടർന്നു.
ഇവരെ ആക്രമിക്കുന്നതിനു മുൻപ് മേലേ അരിപ്രയിലെ ബസ് സ്റ്റോപ്പിൽ നിന്ന വിദ്യാർത്ഥിയെയും തിരൂർക്കാട് സ്‌കൂൾപടിക്കു സമീപം നിന്ന മറ്റൊരു വിദ്യാർത്ഥിയെയും ഇതേ നായ ആക്രമിച്ചിരുന്നു. എല്ലാവരും മഞ്ചേരി മെഡക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. നായ പിന്നീട് ചത്തു.