സുപ്രീംകോടതി കടുപ്പിച്ചു, കേന്ദ്രം വഴങ്ങി,​പട്ടിണി മാറ്റാൻ സമൂഹ അടുക്കള

പട്ടിണിമരണം തടയുക ഭരണഘടനാ ബാദ്ധ്യത

ന്യൂഡൽഹി: രാജ്യത്തൊട്ടാകെ സമൂഹ അടുക്കള നടപ്പാക്കാനുള്ള നയം രൂപീകരിച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ അറിയിക്കാൻ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കർശന നിർദ്ദേശം. കോടതി നിലപാട് കടുപ്പിച്ചതോടെ, ഭക്ഷ്യ സുരക്ഷാനിയമപ്രകാരം സമൂഹ അടുക്കളയുടെ നയം തയ്യാറാക്കുമെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ അറിയിച്ചു. കൊവിഡ് കാലത്ത് കേരളം സമൂഹ അടുക്കള വഴി ആയിരങ്ങൾക്ക് മാസങ്ങളോളം സൗജന്യ ഭക്ഷണം നൽകി മാതൃക കാട്ടിയിരുന്നു.

ക്ഷേമ രാഷ്ട്രമെന്ന നിലയിൽ പട്ടിണി മരണം ഒഴിവാക്കുക സർക്കാരിന്റെ ഭരണഘടനാ ബാദ്ധ്യതയാണെന്ന് കോടതി പറഞ്ഞു. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് നയം രൂപീകരിക്കണമെന്ന് കോടതി നേരത്തെ നിർദേശിച്ചിരുന്നെങ്കിലും നയവും പദ്ധതിയും ഇല്ലാത്ത വെറുമൊരു സത്യവാങ്മൂലമാണ് കേന്ദ്രം നൽകിയത്.
സംസ്ഥാനങ്ങൾ നൽകിയ വിവരങ്ങൾ പകർത്തിവയ്ക്കാനല്ല പറഞ്ഞതെന്നും അവ വിശകലനം ചെയ്ത് രാജ്യത്തൊട്ടാകെ നടപ്പാക്കാൻ കഴിയുന്ന മാതൃക തയ്യാറാക്കുകയാണ് വേണ്ടതെന്നും കോടതി പ്രതികരിച്ചു.

എങ്ങനെ പണം കണ്ടെത്തുമെന്നും എങ്ങനെ നടപ്പാക്കുമെന്നും സത്യവാങ്മൂലത്തിലില്ല. തുടർന്നായിരുന്നു അറ്റോർണി ജനറൽ ഇടപെട്ട് ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിൽ നയം രൂപീകരിക്കുമെന്ന് അറിയിച്ചത്. ചീഫ് ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനും ജസ്റ്റിസുമാരായ എ.എസ്.ബൊപ്പണ്ണ, ഹിമാ കോഹ്‌ലി എന്നിവർ അംഗങ്ങളുമായ ബെഞ്ചിലാണ് കേസ്.

കുട്ടികൾക്കുവേണ്ടി ഹർജി

അഞ്ചു വയസിൽ താഴെയുള്ള 69 ശതമാനം കുട്ടികളും പോഷകാഹാരക്കുറവുള്ളവരാണെന്നും പട്ടിണി മരണം ഒഴിവാക്കാൻ ഇടപെടണമെന്നും ഹർജി

ഹർജിക്കാർ:

സാമൂഹ്യ പ്രവർത്തകരായ അരുൺ ധവാൻ, ഇഷാൻ ധവാൻ, കുഞ്ജന സിംഗ്.

കോടതി ഇടപെടൽ

രാജ്യവ്യാപകമായി സമൂഹ അടുക്കളകൾ സ്ഥാപിക്കാൻ പദ്ധതി തയ്യാറാക്കി സമർപ്പിക്കാൻ 2020 ഒക്ടോബർ 27ന് കോടതി നിർദേശം. സംസ്ഥാനങ്ങളുടെ നിർദേശങ്ങൾ കേന്ദ്രത്തിന് കൈമാറണം.

അലസത കാട്ടി

കേരളം അടക്കം റിപ്പോർട്ടുകൾ നൽകിയെങ്കിലും ഡൽഹി, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, ഒഡിഷ സംസ്ഥാനങ്ങൾ നൽകിയില്ല. അവർക്ക് അഞ്ചു ലക്ഷം പിഴയിട്ടതോടെ റിപ്പോർട്ട് നൽകി. അതിനുശേഷവും കേന്ദ്രം പദ്ധതി തയ്യാറാക്കിയില്ല.

മാതൃക കാട്ടി​ കേരളം

കൊവിഡ് കാലത്ത് കേരളത്തിൽ പ്രവർത്തിച്ചത് പതിനായിരത്തോളം സമൂഹ അടുക്കള. # തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും നേതൃത്വം നൽകി. # ദിവസം 100 മുതൽ 500 വരെ ഭക്ഷണപ്പൊതികൾ തയ്യാറാക്കി. വീടുകളിൽ നിന്നു ഭക്ഷണം എത്തിച്ചു. # തദ്ദേശ സ്ഥാപനങ്ങളുടെ വികസന ഫണ്ടാണ് പ്രധാനമായും ഉപയോഗിച്ചത്. # സ്ഥപനങ്ങളും ജനങ്ങളും പണം സംഭാവന ചെയ്തു. സാധനങ്ങൾ എത്തിച്ചു. # യുവജനങ്ങൾ സന്നദ്ധ പ്രവർത്തകരായി. # തെരുവിൽ കഴിയുന്നവർ അടക്കം, ഭക്ഷണം കിട്ടാതെ വലഞ്ഞ എല്ലാവർക്കും നൽകി. 2020 മാർച്ചിലാണ് നടപ്പാക്കിയത്.