മോഡലുകളുടെ അപകട മരണം; ഹോട്ടലുടമ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ
കൊച്ചി: മുൻ മിസ് കേരള ഉൾപ്പെടെ കാർ അപകടത്തിൽ മരിച്ച കേസിൽ ഹോട്ടൽ ഉടമ അറസ്റ്റിൽ. മോഡലുകൾ പങ്കെടുത്ത ഡിജെ പാർട്ടി നടന്ന നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിലാണ് അറസ്റ്റിലായത്. റോയ് ഉൾപ്പെടെ ആറ് പേരാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്.
മനപൂർവ്വമല്ലാത്ത നരഹത്യ, ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ നശിപ്പിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ഉൾപ്പെട്ട ഡിവിആർ കായലിൽ കളഞ്ഞെന്ന് ഹോട്ടൽ ജീവനക്കാർ മൊഴി നൽകിയിരുന്നു. കൂടാതെ ഡിവിആർ കണ്ടെത്താനായി റോയിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ദൃശ്യങ്ങൾ ഒളിപ്പിക്കാൻ കൂട്ടുനിന്ന ജീവനക്കാരുമായാണ് പോലീസ് സംഘം പരിശോധന നടത്തിയത്.
സംഭവത്തിൽ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് അൻസി കബീറിന്റെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. ഹോട്ടലുടമ റോയ് ദൃശ്യങ്ങൾ നശിപ്പിച്ചതിൽ ദുരൂഹതയുണ്ടെന്നും, ഹോട്ടലിലുണ്ടായ പ്രശ്നങ്ങൾ അന്വേഷിക്കണമെന്നും കുടുംബം നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തിൽ റോയ് വയലാട്ടിനെ പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്തിരുന്നു. മോഡലുകൾ പങ്കെടുത്ത ഹോട്ടലിലെ ഡിജെ പാർട്ടി ദൃശ്യങ്ങൾ അടങ്ങുന്ന ഡിവിആർ ഹോട്ടൽ ഉടമ പോലീസിന് കൈമാറിയിരുന്നു. എന്നാൽ പാർട്ടി നടന്ന രാത്രിയിലെ ദൃശ്യങ്ങൾ ഹാർഡ് ഡിസ്‌കിൽ ഇല്ലെന്നാണ് പോലീസ് കണ്ടെത്തിയത്.
റോയ് നശിപ്പിച്ചെന്ന് ഹോട്ടൽ ജീവനക്കാർ മൊഴി നൽകിയ രണ്ട് ഡിവിആറുകൾ ഒരെണ്ണമാണ് റോയ് പോലീസിന് കൈമാറിയത്. എന്നാൽ യഥാർത്ഥ സംഭവം അടങ്ങുന്ന ഹാർഡ് ഡിസ്‌ക് റോയ് നശിപ്പിച്ചതായി പോലീസ് സംശയിക്കുന്നു. ഇവ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം നടത്തി വരികയാണ്.
റോയിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലെ ഡിജെ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ആയിരുന്നു മിസ് കേരള അൻസി കബീറും റണ്ണറപ് അഞ്ജന ഷാജനും വാഹനാപകടത്തിൽ മരിച്ചത്. ഡിജെ പാർട്ടി നടന്ന ഹാളിൽ ഹോട്ടൽ ഉടമ റോയി ഉണ്ടായിരുന്നു. സംഭവ ദിവസം രാത്രി ഹോട്ടലിൽനിന്നു കാറിൽ അമിതവേഗത്തിൽ യുവതികൾ പോകാനിടയാക്കിയ സംഭവത്തെ കുറിച്ചു ഹോട്ടൽ ഉടമയ്‌ക്കു വ്യക്തമായ അറിവുണ്ടെന്നാണ് സൂചന.