കാർഷിക നിയമങ്ങൾ പിൻവലിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുപ്രധാന പ്രഖ്യാപനം. ഈ മാസം അവസാനത്തോടെ നിയമം പൂർണമായും ഇല്ലാതെ ആകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏറ്റവും സാധാരണ കർഷകന് വേണ്ടി ആണ് കാർഷിക നിയമം കൊണ്ടുവന്നത്. നിയമം വലിയ രീതിയിൽ പിന്തുണ നേടി. എന്നാൽ ചിലർക്ക് അത് മനസിലായില്ല. അവർ ഇപ്പോഴും അതിനെ എതിർക്കുന്നു. 2 വർഷം നിയമം മരവിപ്പിച്ചു ചെയ്തു എന്നിട്ടും ചിലർ ഇപ്പോഴും സമരത്തിൽ ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ കര്‍ഷകരുടെ വേദന മനസിലാക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി കര്‍ഷക ക്ഷേമത്തിന് എന്നും മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ നിർണായക പ്രഖ്യാപനം. കര്‍ഷകരുടെ പ്രയത്‌നം നേരില്‍കണ്ടയാളാണ് താന്‍. രണ്ട് ഹെക്ടറില്‍ താഴെ മാത്രം ഭൂമിയുള്ളവരാണ് ഭൂരിഭാഗം കര്‍ഷകരും. അവരുടെ ഉന്നമനത്തിന് മുന്‍ഗണന നല്‍കുമെന്നും മോദി പറഞ്ഞു. കേന്ദ്ര സർക്കാർ കർഷകർക്കായി നടപ്പാക്കിയ പദ്ധതികൾ പ്രധാനമന്ത്രി അക്കമിട്ട് നിരത്തുകയും ചെയ്തു. ഗുരുനാനാക്ക് ജയന്തി അശംസകളും പ്രധാനമന്ത്രി നേര്‍ന്നു.