പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ കൈയേറ്റം: പ്രതി അറസ്റ്റില്‍

പരപ്പനങ്ങാടി: നഗരസഭ ജീവനക്കാരെ കൈയേറ്റം ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. പുത്തന്‍കടപ്പുറം പള്ളിച്ചന്റെ പുരക്കല്‍ റൗഫി(27) നെയാണ് പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജീവിനെ അസഭ്യം പറയുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തന്ന പരാതിയിലാണ് നടപടി.

കൊവിഡ് ബാധിച്ചു മരിച്ചയാളിന്റെ ഡെത്ത് സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്യുന്നതുമായി ബന്ധപ്പെട്ട് പരപ്പനങ്ങാടി നഗരസഭ മുന്‍ കൗണ്‍സിലറും സിപിഎം നേതാവുമായ കോയയുടെ നേതൃത്വത്തില്‍ എട്ടോളം പേര്‍ സംഘടിച്ചെത്തി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ഓഫിസ് മുറിയില്‍ അതിക്രമിച്ചു കയറി അസഭ്യം പറയുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നുമാണ് കേസ്.

ഇന്നലെ രാത്രി പ്രതി വീട്ടിലെത്തി എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ ആണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റ് ചെയ്ത പ്രതിയെ മലപ്പുറം കോടതിയില്‍ ഹാജരാക്കി.

കേസിലെ ഒന്നാം പ്രതിയായ സിപിഎം നേതാവ് കോയ കോടതി മുഖാന്തിരം ജാമ്യം എടുത്തിരുന്നു. പരപ്പനങ്ങാടി എസ്‌ഐ നൗഷാദ്, അഡി.എസ് ഐ രാധാകൃഷ്ണന്‍ , പോലിസുകാരായ ഫൈസല്‍, സഹദേവന്‍, ആല്‍ബിന്‍ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. മറ്റുള്ള പ്രതികളെ പോലിസ് അന്വേഷിച്ചു വരികയാണെന്നും ഉടനെ തന്നെ അറസ്റ്റ് ചെയ്യുമെന്നും പരപ്പനങ്ങാടി സിഐ ഹണി കെ ദാസ് അറിയിച്ചു.