വഖഫ് ബോര്‍ഡ് നിയമന വിഷയം; രാഷ്ട്രീയ നിലപാട് ചര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗ് അടിയന്തര നേതൃയോഗം മലപ്പുറത്ത് തുടങ്ങി.

മലപ്പുറം : വഖഫ് ബോര്‍ഡ് നിയമന വിഷയത്തില്‍ വെളളിയാഴ്ച പളളികളില്‍ പ്രതിഷേധിക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറേണ്ടി വന്ന സാഹചര്യത്തില്‍ രാഷ്ട്രീയ നിലപാട് ചര്‍ച്ച ചെയ്യാന്‍ ഇന്ന് മുസ്ലിം ലീഗ് അടിയന്തര നേതൃയോഗം. സമസ്തയുടെ നിലപാട് വ്യക്തമായ സാഹചര്യത്തില്‍, രാഷ്ട്രീയ നിലപാട് കടുപ്പിക്കാനാണ് ലീഗിന്റെ തീരുമാനം. രാവിലെ പത്തുമണിക്ക് മലപ്പുറം മുസ്ലിംലീഗ് ഓഫീസില്‍ വെച്ച് യോഗം ചേർന്നു. സര്‍ക്കാര്‍ നടപടിക്കെതിരെ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം വിശ്വാസികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തി പ്രതിഷേധിക്കുമെന്നായിരുന്നു മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ പ്രഖ്യാപനം. എന്നാല്‍ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഈ നീക്കത്തെ എതിര്‍ക്കുകയും പള്ളികള്‍ സമര വേദിയായി ഉപയോഗിക്കരുതെന്നും നിലപാട് വ്യക്തമാക്കി. ഇതോടെയാണ് പള്ളികളിലെ സമരത്തില്‍ നിന്ന് ലീഗ് പിന്മാറിയത്.

ഇതോടെ ഇടതുപക്ഷ നേതാക്കളും വിമര്‍ശനവുമായി രംഗത്തു വന്നു. കേരളത്തില്‍ ഭൂരിപക്ഷം മുസ്ലിം സമുദായത്തെ പ്രതിനിധീകരിക്കുന്ന സമസ്തയുടെ പിന്തുണ പോലുമില്ലാതെയാണ് മുസ്ലിംലീഗ് പ്രഖ്യാപനം നടത്തിയതെന്ന് മുന്‍മന്ത്രി കെടി ജലീലും വഖഫ് മന്ത്രി വി അബ്ദുറഹ്മാനും ആരോപിച്ചിരുന്നു.വിവിധ മേഖലകളില്‍നിന്ന് തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ കൂടിയാണ് ഇന്ന് അടിയന്തര യോഗം ചേരാന്‍ ലീഗ് തീരുമാനിച്ചത്.

വിഷയത്തില്‍ സര്‍ക്കാരുമായി കൂടികാഴ്ച്ച നടത്തി തുടര്‍നടപടി സ്വീകരിക്കാമെന്ന സമസ്ത നിലപാട് അംഗീകരിക്കുന്നതായാണ് മുസ്ലിംലീഗ് അറിയിച്ചിരിക്കുന്നത്. പുതിയ പശ്ചാത്തലത്തില്‍ പള്ളിക്ക് അകത്ത് പ്രതിഷേധം നടത്താതെ പൊതുഇടങ്ങളില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം നടത്താനാണ് മുസ്ലിംലീഗിന്റെ തീരുമാനം. ഇക്കാര്യം കഴിഞ്ഞ ദിവസം സാദിഖ് അലി തങ്ങളും വ്യക്തമാക്കിയിരുന്നു. താല്‍ക്കാലികമായി പ്രതിഷേധങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സമസ്ത മുഖ്യമന്ത്രിയുമായുള്ള യോഗത്തിനു ശേഷം നിലപാട് വ്യക്തമാക്കും. വഖഫ് ബോര്‍ഡ് നിലവില്‍ വന്നതിന് ശേഷമുളള നിയമന രീതി തുടരണമെന്നായിരുന്നു മുസ്ലിം ലീഗ് നേതൃത്വം വഹിക്കുന്ന മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെട്ട സംഘടനകളുടെ ആവശ്യം