സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമല്ല; കൊലയ്ക്കു കാരണം വ്യക്തി വൈരാഗ്യം; ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും പ്രതികൾ കോടതിയിൽ

പത്തനംതിട്ട: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തിന് കാരണം വ്യക്തി വൈരാഗ്യമെന്നും ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും പ്രതികൾ കോടതിയിൽ. സന്ദീപുമായി വ്യക്തിപരമായ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും കേസിലെ ഒന്നാംപ്രതി ജിഷ്ണു കോടതിയിൽ മൊഴി നൽകി.

കൊലപാതകം മുൻകൂട്ടി തീരുമാനിച്ചതല്ല, പെട്ടെന്നുണ്ടായ പ്രകോപനമാണെന്നും സ്വയരക്ഷയ്ക്ക് വേണ്ടി ചെയ്തതാണെന്നുമാണു ജിഷ്ണു പറഞ്ഞത്. തങ്ങൾക്ക് ബിജെപി ബന്ധമില്ലെന്ന് പ്രതികൾ കോടതിയിൽ പറഞ്ഞു. ഒരുവർഷമായി ബിജെപിയുമായി ബന്ധമില്ലെന്ന് കേസിലെ പ്രധാന പ്രതി ജിഷ്ണു പറഞ്ഞു.

തിരുവല്ല പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് വധക്കേസിലെ അഞ്ച്പ്രതികളെയും ഈമാസം 13 വരെ പൊലീസ് കസ്റ്റഡിൽ വിട്ടു തിരുവല്ല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് ഉത്തരവിട്ടു. അഞ്ച് ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്.

ആദ്യഘട്ട ചോദ്യംചെയ്യൽ മാത്രമാണ് സാധ്യമായതെന്നും തെളിവെടുപ്പുകൾ, കുറ്റസമ്മത മൊഴിക്ക് അടിസ്ഥാനമായ രേഖകളുടെ കണ്ടെത്തൽ എന്നിവ ബാക്കിയുണ്ടെന്നും അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതിന്റെ ഗൗരവം കണക്കിലെടുത്താണ് പ്രതികളെ എട്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്.

എന്തെങ്കിലും പറയാനുണ്ടോ എന്ന് പ്രതികളോട് കോടതി ചോദിച്ചു. വധഭീഷണിയുണ്ടെന്ന് ഒന്നാംപ്രതി ജിഷ്ണു പറഞ്ഞു. രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസാണ് ഇതെന്നു സർക്കാർ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. അതേസമയം, പ്രതികൾക്ക് വേണ്ടി അഭിഭാഷകർ ആരും ഹാജരായില്ല.

സന്ദീപുമായി വ്യക്തിപരമായ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ഇതിനെ രാഷ്ട്രീയ കൊലപാതകമായി വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നതായും ജിഷ്ണു മാധ്യമങ്ങളോടും പ്രതികരിച്ചു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതികൾ മാധ്യമങ്ങളോട് പ്രതികരിച്ചത്.

കഴിഞ്ഞ ഒരുവർഷമായി തനിക്ക് ബിജെപിയുമായി ബന്ധമില്ലെന്നും സന്ദീപിനെ ആക്രമിച്ചതുകൊല്ലാൻ വേണ്ടിയായിരുന്നില്ലെന്നും ജിഷ്ണു പറഞ്ഞു. അതേസമയം, ജിഷ്ണുവിന് മാത്രമാണ് കൊല്ലപ്പെട്ട സന്ദീപിനോട് വിരോധം ഉണ്ടായിരുന്നതെന്ന് മൂന്നാം പ്രതി നന്ദു പറഞ്ഞു.

രാഷ്ട്രീയ കൊലപാതമല്ലെന്നായിരുന്നു കേസിൽ ആദ്യം പൊലീസ് നിലപാട്. പിന്നീട് എഫ്ഐആറിൽ രാഷ്ട്രീയ കൊലപാതകമാണെന്ന് വ്യക്തമാക്കി. കൊലയ്ക്ക് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചിരുന്നു.

സിപിഎം പ്രവർത്തകന്റെ കൊലപാതകം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം ആരോപിക്കുന്ന സാഹചര്യത്തിലാണ് പ്രതികൾ തന്നെ നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. കൊലപാതകം നടന്നതിന് പിന്നാലെ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ രാഷ്ട്രീയ വൈരാഗ്യമല്ലെന്നാണ് പൊലീസ് അറിയിച്ചിരുന്നത്.

എന്നാൽ ആർ എസ് എസിനെതിരെ ഇടത് നേതാക്കൾ രംഗത്ത് എത്തിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സമ്മർദ്ദം കാരണമാണ് പൊലീസ് എഫ്ഐആറിൽ രാഷ്ട്രീയ കൊലപാതകമാണെന്ന് രേഖപ്പെടുത്തിയത്. ബിജെപി സംസ്ഥാന നേതൃത്വം ഈ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. പെരിയ കേസിലെ തോൽവി പത്തനംതിട്ടയിൽ തീർക്കരുത് എന്നാണ് കേന്ദ്ര മന്ത്രി വി മുരളീധരൻ പ്രതികരിച്ചത്.