ഒമാൻ 18 വയസ്സിനു മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസിന് അനുമതി നൽകി
മസ്‌ക്കറ്റ്: ഒമാനിൽ കോറോണ പ്രതിരോധ വാക്സിന്റെ ബൂസ്റ്റർ ഡോസിന് അനുമതി. 18 വയസ്സിനുമുകളിലുള്ളവർക്ക് നൽകാനാണ് അനുമതി.സുപ്രീം കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. മൂന്നാം ഡോസ് വാക്‌സിനേഷനുള്ള മുൻഗണനാ വിഭാഗങ്ങളും , പദ്ധതികളും ആരോഗ്യ മന്ത്രാലയം ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ വാക്‌സിൻ സ്വീകരിക്കാത്തവരുടെ പ്രവേശനം നിരീക്ഷിക്കുന്നതിന് നടപടികൾ സ്വീകരിക്കും.
പള്ളികളിലേക്കുള്ള പ്രവേശനം, പ്രാദേശിക പരിപാടികൾ, വിവാഹ പാർട്ടികൾ, കായികവിനോദങ്ങൾ, പ്രദർശനങ്ങൾ തുടങ്ങി ആളുകൾ കൂട്ടം കൂടുന്ന പരിപാടികളുടെ ശേഷികൾ 50 ശതമാനത്തിൽ പരിമിതപ്പെടുത്തിയിരുന്നു. ഇത് കർശനമായി തുടരേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി കമ്മിറ്റി മുന്നറിയിപ്പ് നൽകി.
പൊതുമേഖല സ്ഥാപനങ്ങളിൽ വാക്‌സിൻ സ്വീകരിക്കാത്ത ജീവനക്കാരുടെയും വിദ്യാർഥികളുടെയും പ്രവേശനം വിലക്കുന്നതിന് ഒരു ഏകീകൃത സംവിധാനം ഏർപ്പെടുത്തും. ബന്ധപ്പെട്ട അധികാരികൾക്കും ഇത് സംബന്ധിച്ച സർക്കുലർ നൽകും.ഒമാനിൽ പുതിയ കൊറോണ കേസുകളിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തുകയും ഒമിക്രോൺ കൂടുതൽ രാഷ്‌ട്രങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സുപ്രീം കമ്മിറ്റി യോഗം ചേർന്നത്.