ബി ജെ പി അസൗകര്യം അറിയിച്ചപ്പോൾ സർവകക്ഷി യോഗത്തിന്റെ സമയം മാറ്റി; എന്നിട്ടും യോഗത്തിൽ പങ്കെടുക്കില്ലെന്ന് ആവർത്തിച്ച് പാർട്ടി
ആലപ്പുഴ: സർവകക്ഷി യോഗം അഞ്ച് മണിയിലേക്ക് മാറ്റി. എല്ലാവരുടെയും സൗകര്യം നോക്കിയാണ് സമയം മാറ്റിയതെന്ന് ജില്ലാ കളക്ടർ എ അലക്‌സാണ്ടർ അറിയിച്ചു. കക്ഷി നേതാക്കൾ എല്ലാവരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് മണിക്ക് കളക്ട്രേറ്റിൽ യോഗം ചേരാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ബി ജെ പി അസൗകര്യം അറിയിച്ചതോടെയാണ് സമയം മാറ്റിയത്. കൂടിയാലോചന ഇല്ലാതെയാണ് യോഗം വിളിച്ചതെന്നും, കൊല്ലപ്പെട്ട രഞ്ജിന്റെ സംസ്‌കാരം നടക്കുന്ന സമയത്തായതിനാൽ പങ്കെടുക്കില്ലെന്നും ബി ജെ പി ജില്ലാ നേതൃത്വം വ്യക്തമാക്കിയിരുന്നു.
അതേസമയം സർവകക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബി ജെ പി ആവർത്തിച്ചു. രഞ്ജിത്തിന്റെ സംസ്‌കാര ചടങ്ങുകൾ അഞ്ച് മണിക്ക് പൂർത്തിയാകുമോയെന്ന് അറിയില്ല. കേന്ദ്ര ആഭ്യന്തര സഹമന്ത്രി പങ്കെടുക്കുന്നുണ്ട്. മൂന്നിടത്ത് പൊതുദർശനവുമുണ്ടെന്നും പാർട്ടി വ്യക്തമാക്കി. ഇന്നലെ രഞ്ജിന്റെ പോസ്റ്റ്‌മോർട്ടം നടത്താതെ അനാദരവ് കാട്ടിയെന്നും, സർക്കാർ അവഗണിച്ചെന്നും ബി ജെ പി ആരോപിച്ചു.