ഇരട്ടക്കൊലപാതകം: സമൂഹമാധ്യമ പോസ്റ്റുകൾ പൊലീസ് നിരീക്ഷിക്കുന്നു; പ്രകോപനപരമായ പോസ്റ്റുകൾ ഇട്ടവരെ നിരീക്ഷിക്കാൻ പ്രത്യേക സെൽ പ്രവർത്തിക്കുന്നണ്ടെന്ന് എഡിജിപി
കൊച്ചി: ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തിൽ അന്വേഷണത്തിൽ പുരോഗതിയുണ്ടെന്ന് എഡിജിപി വിജയ് സാഖറേ. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യൽ പൂർത്തിയായാൽ മാത്രമേ കേസിൽ കൂടുതൽ വ്യക്തത വരുകയുള്ളുവെന്നും വിജയ് സാഖറേ മാധ്യമങ്ങളോട് പറഞ്ഞു.
കേസിൽ ലീഡ് കിട്ടിയിട്ടുണ്ട്. നിലവിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും. ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികൾ സഞ്ചരിച്ചതെന്ന് കരുതുന്ന ബൈക്കുകൾ കണ്ടെത്തിയതായി എഡിജിപി സ്ഥിരീകരിച്ചു.
കേസിൽ ഗൂഢാലോചന ഭാഗവും അന്വേഷിച്ച് വരികയാണ്. ഇരു കൊലപാതകവും അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. അന്വേഷണം നല്ലരീതിയിലാണ് മുന്നോട്ടുപോകുന്നത്. ആലപ്പുഴയിലെ കൊലപാതകങ്ങൾക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റുകൾ ഇട്ടവരെ നിരീക്ഷിക്കാൻ പ്രത്യേക സെൽ പ്രവർത്തിക്കുന്നുണ്ടെന്ന കാര്യവും എഡിജിപി ഓർമ്മിപ്പിച്ചു.
ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം രഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അനേകം പേരെ പൊലീസ് ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ, ഇതുവരെ ഒരു അറസ്റ്റും രേഖപ്പെടുത്തിയിട്ടില്ല. ഇപ്പോൾ കസ്റ്റഡിയിലുള്ളവർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണോ എന്നതും വ്യക്തമല്ല. ഇന്ന് വൈകുന്നേരത്തിനുളളിൽ വ്യക്തത വരും എന്നാണ് എഡിജിപി അറിയിച്ചത്.