ഡെൽറ്റയെക്കാളും മൂന്നിരട്ടി വ്യാപനശേഷി, ഒമിക്രോണിന്റെ ഭീകരത തിരിച്ചറിഞ്ഞ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് അയച്ച കത്തിലെ വിവരങ്ങൾ പുറത്ത്
ന്യൂഡൽഹി : രാജ്യത്ത് പുതിയതായി കണ്ടെത്തിയ ഒമിക്രോൺ കൊവിഡ് വകഭേദത്തിന് ഡെൽറ്റയേക്കാൾ മൂന്നിരട്ടി വേഗത്തിൽ പകരാൻ കഴിവുണ്ടെന്ന് ഇന്ന് കേന്ദ്രം സംസ്ഥാനങ്ങളെ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിൽ ഒമിക്രോൺ കണ്ടെത്തിയതിന് പിന്നാലെ വാർ റൂമുകൾ സജീവമാക്കാനും ജില്ലാതലത്തിലെ കണക്കുകളെടുത്ത് വിശകലനം നടത്താനും
സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
കൊവിഡ്19 ബാധിച്ച ജനസംഖ്യ, ഭൂമിശാസ്ത്രപരമായ വ്യാപനം, ആശുപത്രി അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ പ്രവർത്തരുടെ എണ്ണം, കണ്ടെയ്ൻമെന്റ് സോണുകൾ കണ്ടെത്തൽ, കണ്ടെയ്ൻമെന്റ് സോണുകളുടെ പരിധിയുടെ നിർവ്വഹണം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള ഡാറ്റ ജില്ലാതലത്തിൽ നിരന്തരം അവലോകനം ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് അയച്ച കത്ത് പുറത്ത് വിടുകയും ചെയ്തു.
രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാവുമെന്ന മുന്നറിയിപ്പ് വിദഗ്ദ്ധർ നൽകിയതിന് പിന്നാലെയാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്ത് നൽകിയത്. കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിന്റെ പ്രാരംഭ സൂചനകളും ലഭിച്ചിട്ടുണ്ട്. ഫീൽഡ് ഓഫീസർമാരുമായുള്ള പതിവ് അവലോകനങ്ങൾ നടത്തി ഫലപ്രദമായ നടപടികൾ സ്വീകരിച്ചാൽ അണുബാധയുടെ വ്യാപനം നിയന്ത്രിക്കാനാവും എന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി പറഞ്ഞു. ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ ഇന്ത്യയിൽ 200 ഒമിക്രോൺ വേരിയന്റ് കേസുകളുണ്ട്, ഇതിൽ ഏറ്റവും ഉയർന്ന കേസുകൾ യഥാക്രമം ഡൽഹിയിലും മഹാരാഷ്ട്രയിലുമാണ്.