പി ടിക്ക് ജന്മനാടിന്റെ വിട; കൊച്ചിയിലെ പൊതുദർശനം വൈകും, സംസ്കാരം വൈകിട്ട്
കൊച്ചി: അന്തരിച്ച കോൺഗ്രസ് നേതാവ് പി ടി തോമസ് എം എൽ എയുടെ സംസ്കാരം ഇന്ന്. കൊച്ചി രവിപുരം ശ്മശാനത്തിൽ വൈകിട്ട് 5.30നാണ് സംസ്കാരം. മതപരമായ ചടങ്ങുകൾ ഒഴിവാക്കി ആകും ചടങ്ങുകൾ നടക്കുക. ഇന്ന് പുലർച്ചെ 2.45 ഓടെ ഇടുക്കിയിലെത്തിച്ച മൃതദേഹം ഉപ്പുതോട്ടിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചു. ആദരാഞ്ജലി അർപ്പിക്കാൻ ആയിരക്കണക്കിനാളുകളാണ് എത്തിയത്.
ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേലും, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടും വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു. മൃതദേഹം ഇപ്പോൾ തൊടുപുഴയിലേക്ക് കൊണ്ടുപോകുകയാണ്. ഏഴരയോടെ തൊടുപുഴ രാജീവ് ഭവനിൽ പൊതുദർശനത്തിന് വയ്ക്കും.
ഒൻപത് മണിയോടെ പിടിയുടെ മൃതദേഹം പാലാരിവട്ടത്തെത്തിക്കും. 6.30ന് പാലാരിവട്ടത്ത് എത്തിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മൃതദേഹം ആദ്യം എറണാകുളം ഡിസിസി ഓഫീസിലും തുടർന്ന് ടൗൺ ഹാളിലുമെത്തിക്കും. രാഹുൽ ഗാന്ധി എംപി ഉൾപ്പടെയുള്ള പ്രധാന നേതാക്കളെത്തി അന്തിമോപചാരം അർപ്പിക്കും.
കഴിഞ്ഞ മാസമാണ് അർബുദ ചികിത്സയ്ക്കായി പി ടി തോമസ് വെല്ലൂരിലെ ആശുപത്രിയിൽ എത്തിയത്. ഇന്നലെ രാവിലെ 10.15നായിരുന്നു അന്ത്യം. മുൻ എം. പിയായ അദ്ദേഹം നിലവിൽ കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റും തൃക്കാക്കര എം.എൽ.എയും ആയിരുന്നു.