സിപിഐ എം ജില്ലാ സമ്മേളനം 27 മുതല്‍ തിരൂരില്‍
മലപ്പുറം: സിപിഐ എം 23–ാം പാര്‍ടി കോണ്‍ഗ്രസിന്റെ മുന്നോടിയായുള്ള മലപ്പുറം ജില്ലാ സമ്മേളനം 27,28,29 തിയതികളില്‍ തിരൂരില്‍ നടക്കും. പ്രതിനിധി സമ്മേളനം 27 ന് രാവിലെ 10ന് പി പി അബ്ദുള്ളക്കുട്ടി നഗറില്‍ (വാഗണ്‍ ട്രാജഡി ടൗണ്‍ ഹാള്‍) മുഖ്യമന്ത്രിയും പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയന് ഉദ്ഘാടനംചെയ്യും. പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്, ഇ പി ജയരാജന്, പി കെ ശ്രീമതി, എളമരം കരീം, മന്ത്രി കെ രാധാകൃഷ്ണന്, പാലൊളി മുഹമ്മദ്കുട്ടി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ബേബി ജോണ്‍, ടി പി രാമകൃഷ്ണന് എന്നിവര്‍ പങ്കെടുക്കും. 16 ഏരിയാ കമ്മിറ്റികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 170 പ്രതിനിധികളും 34 ജില്ലാകമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 204 പേര് സമ്മേളനത്തില്‍ പങ്കെടുക്കും.
26ന് പകല്‍ മൂന്നിന് പതാക, ദീപശിഖ, കൊടിമര ജാഥകള്‍ പ്രയാണമാരംഭിക്കും. ജില്ലാ സെക്രട്ടറിയറ്റംഗം വി എം ഷൗക്കത്ത് ക്യാപ്റ്റനായ പതാക ജാഥ ഇ കെ ഇമ്പിച്ചിബാവയുടെ പൊന്നാനിയിലെ വസതിയില്‍ സംസ്ഥാന കമ്മിറ്റി അംഗം പി നന്ദകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറിയറ്റംഗം വി പി അനില്‍ ക്യാപ്റ്റനായ ദീപശിഖ റിലേ താനൂര്‍ കടപ്പുറത്ത് സ്വാതന്ത്ര്യ സമരത്തിലെ ധീര രക്തസാക്ഷി ഉമൈത്താനകത്ത് കുഞ്ഞിക്കാദറിന്റെ ജ• ദേശത്ത് നിന്നും സംസ്ഥാനകമ്മിറ്റി അംഗം പി ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറിയറ്റംഗം വി പി സക്കറിയ ക്യാപ്റ്റനായ കൊടിമര ജാഥ രക്തസാക്ഷി കോട്ടീരി നാരായണന്റെ ജ• ദേശമായ വളാഞ്ചേരി കാവുംപുറത്ത് നിന്നും സംസ്ഥാനകമ്മിറ്റി അംഗം പി കെ സൈനബ ഉദ്ഘാടനം ചെയ്യും. മൂന്ന് ജാഥകളും വൈകിട്ട് അഞ്ചിന് തിരൂര്‍ ടൗണില്‍ സംഗമിച്ച് പ്രകടനമായി പൊതുസമ്മേളന നഗരിയിലെത്തും. പൊതുസമ്മേളനം നടക്കുന്ന കെ പി മൊയ്തീന്‍കുട്ടി നഗറില്‍ സ്വാഗതസംഘം ചെയര്മാന് മന്ത്രി വി അബ്ദുറഹ്മാന് പതാക ഉയര്‍ത്തും. 27ന് രാവിലെ 9.30ന് പ്രതിനിധി സമ്മേള നഗരിയില്‍ മുതിര്‍ന്ന പ്രതിനിധി ടി കെ ഹംസ പതാക ഉയര്‍ത്തും. രാവിലെ 10ന് മുഖ്യമന്ത്രി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈകിട്ട് റിപ്പോര്‍ട്ടില്‍ പൊതുചര്‍ച്ച നടക്കും.
28ന് ചര്‍ച്ചകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനും ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസും മറുപടി പറയും. 29ന് ജില്ലാ കമ്മിറ്റി അംഗങ്ങളെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. വൈകിട്ട് നാലിന് കെ പി മൊയ്തീന്‍കുട്ടി നഗറില്‍ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്, ഇ പി ജയരാജന്, പി കെ ശ്രീമതി, എളമരം കരീം, മന്ത്രി കെ രാധാകൃഷ്ണന്, പാലോളി മുഹമ്മദ്കുട്ടി,സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ബേബി ജോണ്‍, ടി പി രാമകൃഷ്ണന് എന്നിവര്‍ പങ്കെടുക്കും.
ജില്ലയില്‍ പാര്‍ടി കൈവരിച്ച വളര്‍ച്ചയുടെ കരുത്തറിയിച്ചാകും സമ്മേളനം നടക്കുക. വികസന രംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റമാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സാധ്യമാക്കിയത്. അടിസ്ഥാന വികസനമേഖലകളില്‍ അഭൂതപൂര്‍വ മുന്നേറ്റമുണ്ടായി. അതിന്റെ തുടര്‍ച്ച സാധ്യമാക്കാന്‍ ബഹുവിധ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. പാര്‍ടിയുടെ ബഹുജനാടിത്തറ വിപുലപ്പെട്ടതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. വര്‍ഗീയ പിന്തിരിപ്പന് ശക്തികളുമായി യു.ഡി.എഫ് കൂട്ടുകൂടിയിട്ടും ഇടതുപക്ഷം ജില്ലയില്‍ അഭിമാനാര്‍ഹ വിജയം നേടി. രണ്ടാം പിണറായി സര്‍ക്കാരിനെ പ്രതീക്ഷയോടെയാണ് ജനം നോക്കികാണുന്നത്. എന്നാല്‍, മത വര്‍ഗീയത ഇളക്കിവിട്ട് ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാനാണ് മുസ്ലിംലീഗ് ഉള്‍പ്പെടെ ശ്രമിക്കുന്നത്. സര്‍ക്കാര്‍ ന്യൂനപക്ഷവിരുദ്ധമാണെന്ന ദുഷ്പ്രചാരണം അഴിച്ചുവിടുന്നു. മതമൗലികവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ചാണ് ഈ പ്രചാരണം. തെരഞ്ഞെടുപ്പില്‍ ജനം തിരസ്കരിച്ച വര്‍ഗീയ രാഷ്ട്രീയമാണ് ലീഗ് ഇപ്പോഴും കൊണ്ടുനടക്കുന്നത്. മറുവശത്ത് ഹലാല്‍ പോലുള്ള വിഷയങ്ങള്‍ ഉയര്‍ത്തി സംഘപരിവാര്‍ ശക്തികള്‍ നാടിന്റെ സ്വാസ്ഥ്യം കെടുത്തുന്നു. ഭൂരിപക്ഷ–ന്യൂനപക്ഷ വര്‍ഗീയത ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ ജനകീയ കര്‍മ്മപദ്ധതികള്‍ക്ക് സമ്മേളനം രൂപം നല്‍കും. പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുത്ത് കൂടുതല്‍ കരുത്തുറ്റ ബഹുജന പ്രസ്ഥാനമായി സിപിഐ എമ്മിനെ വളര്‍ത്താനുള്ള ചര്‍ച്ചകളും തീരുമാനങ്ങളും സമ്മേളനം കൈക്കൊള്ളും.
തിരൂര്‍ കെ.ദാമോദരന്‍ നഗറില്‍ ഡിസംബര്‍ 20 മുതല്‍ എല്ലാ ദിവസും വൈകുന്നേരം 4 മണിക്ക് വിവിധ വിഷയങ്ങളെ കുറിച്ചുള്ള സെമിനാറുകളും തുടര്‍ന്ന് കലാപരിപാടികളും നടക്കുന്നുണ്ട്.