കൊവിഡ് മുന്നണിപ്പോരാളികള്‍ സമര രംഗത്തേക്ക്


മലപ്പുറം: ജീവന്‍ പണയപ്പെടുത്തി  ജോലി ചെയ്തതിന്റെ ആനുകൂല്യങ്ങള്‍ നേടാനായി  ജില്ലയിലെ കോവിഡ് മുന്നണിപ്പോരാളികള്‍ സമര രംഗത്തേക്ക്.
കുടിശികയായ ആറ്മാസത്തെ റിസ്‌ക് അലവന്‍സ് അനുവദിക്കാന്‍ ഡിസംബര്‍ 27 ന് തിങ്കളാഴ്ച  ഇവര്‍ മലപ്പുറത്ത് പ്രതിഷേധ മാര്‍ച്ചും  കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ്ണും നടത്തും.
  ജില്ലയില്‍ കൊവിഡ് രോഗം വ്യാപകമാകുകയും മരണ സംഖ്യ ഉയരുകയും ചെയ്ത സമയത്ത് മഞ്ചേരി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍  വിവിധ തസ്തികകളില്‍ ആയിരത്തിലധികം പേര്‍ കൊവിഡ് ബ്രിഗേഡിയന്റുമാരായി ജോലി ചെയ്തിരുന്നു. ഇവരാണ് ചെയ്ത ജോലിയുടെ  പ്രതിഫലം കിട്ടാതെ പെരുവഴിയിലായത്. അധികാരികളെ  ഈ ആവശ്യവുമായി പല തവണ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് കൊവിഡ്  ഓള്‍ കേരള കൊവിഡ്  ബ്രിഗേഡിയന്‍സ് ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി കണ്‍വീനര്‍  വിനോദ് എടവണ്ണ പറഞ്ഞു.രണ്ട് മാസം മുന്‍പ് ജോലിയില്‍ നിന്ന ് പിരിച്ച് വിട്ട ഇവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ മുന്തിയ പരിഗണന നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു.എന്നാല്‍  സര്‍ക്കാര്‍ ,പൊതു മേഖല സ്ഥാപനങ്ങളില്‍ ശുചീകരണ രംഗത്ത് വന്ന ഒഴിവുകളില്‍
ഇവരെ തഴഞ്ഞ് കുടുംബശ്രീയില്‍ നിന്നാണ് നിയമനം നടത്തിക്കൊണ്ടിരിക്കുന്നത്. ചില ആശുപത്രികളില്‍ പുറത്ത് നിന്ന് കരാര്‍ തൊഴിലാളികളെയും നിയമിക്കുന്നു. വിനോദ് പറഞ്ഞു.
 27 ന് രാവിലെ 10 മണിക്ക് കലക്ടറുടെ ബംഗ്ലാവിന് മുന്നില്‍ നിന്ന് പ്രകടനം ആരംഭിക്കും. ഐ എം എ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ.നാരായണന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും.
 ഗീതു പാണ്ടിക്കാട്, ഷാജഹാന്‍ കാളികാവ്  (ജോയിന്‍ കണ്‍വീനര്‍മാര്‍), സന്തോഷ് കുമാര്‍ മൂത്തേടം ( ചെയര്‍മാന്‍), സീനത്ത് കരുളായി, രചന മഞ്ചേരി (വൈസ് ചെയര്‍മാന്‍മാര്‍) ,യൂസഫലി ഒതായി ( ട്രഷര്‍)  എന്നിവരും ജില്ലയിലെ കൊവിഡ്  ബ്രിഗേഡിയന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.