പി ടി തോമസിന് വിട, കണ്ണീർപ്പൂക്കളുമായി അന്ത്യാഞ്‌ജലി അർപ്പിച്ച് നാട്

കൊച്ചി: കോൺഗ്രസ് നേതാവും എം.എൽ.എയുമായ പി.ടി. തോമസിന് വികാരനിർഭരമായി നാട് വിട ചൊല്ലി. രവിപുരം ശ്‌മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു പി.ടി. തോമസിന്റെ സംസ്കാരം. അദ്ദേഹം ആവശ്യപ്പെട്ടിരുന്നതുപോലെ മത ചടങ്ങുകള്‍ ഒഴിവാക്കി, ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം..’ എന്ന ഗാനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു സംസ്കാരം നടന്നത്. ഭാര്യ ഉമയും അന്ത്യകർമ്മങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെ പൊതുദർശനത്തിനു ശേഷമാണ് പി.ടി. തോമസിന്റെ മൃതദേഹം രവിപുരം ശ്മശാനത്തിലേക്ക് എത്തിച്ചത്. പ്രിയപ്പെട്ട പി.ടിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ വൻജനപ്രവാഹമാണ് തൃക്കാക്കരയിലേക്ക് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു.

മുഖ്യമന്ത്രി പി.ടി. തോമസിന്റെ കുടുംബാം​ഗങ്ങളെ കണ്ട് ആശ്വസിപ്പിച്ചു. കോൺ​ഗ്രസ് നേതാക്കളുമായും സംസാരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിപ്പോയത്. വ്യവസായി എം.എ യൂസഫലിയും തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തി പി.ടി. തോമസിന് അന്ത്യാഞ്ജലി അർപ്പിച്ചു.

ടി തോമസിന്റെ മൃതദേഹം പാലാരിവട്ടത്തെ വീട്ടിലെത്തിച്ചപ്പോഴാണ് മമ്മൂട്ടി അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. മമ്മൂട്ടിക്ക് വ്യക്തിബന്ധമുള്ള രാഷ്ട്രീയ നേതാവായിരുന്നു പി ടി തോമസ്. ഇരുവരും എറണാകുളം മഹാരാജാസ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികളായിരുന്നു. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് അര്‍ബുദബാധിതനായിരുന്ന പിടി തോമസ് മരണത്തിന് കീഴടങ്ങിയത്.

പി. ടി തോമസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന‍ായി രാഹുല്‍ ഗാന്ധി ടൗണ്‍ ഹാളിലെത്തിയിരുന്നു. സമയക്കുറവ് മൂലം അല്‍പ്പസമയം മാത്രമാണ് അദ്ദേഹത്തിന്‍റെ വസതിയില്‍ മൃതദേഹം പൊതുദര്‍ശത്തിന് വച്ചത്. ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് പതാക പുതപ്പിച്ചു.ഇന്നലെ അര്‍ദ്ധരാത്രിക്ക് ശേഷം വെല്ലൂരില്‍ നിന്നും സംസ്ഥാന അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ മുതല്‍ വഴിനീളെ ആയിരങ്ങളാണ് പിടി തോമസിനെ ഒരു നോക്ക് കാണാനെത്തിയത്. ജന്മദേശമായ ഇടുക്കി ജില്ല പി ടി തോമസിന് വികാര നിര്‍ഭരമായ യാത്രയപ്പാണ് നല്‍കിയത്.