ഇ-ശ്രം രജിസ്‌ട്രേഷന്‍: മെഗാ ക്യാമ്പ് 27 ന്
മലപ്പുറം നഗര സഭയുടെയും തൊഴില്‍ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ മലപ്പുറം മുനിസിപ്പല്‍ ബസ്സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ അസംഘടിത തൊഴിലാളികള്‍ക്കുള്ള ഇ-ശ്രം രജിസ്റ്റര്‍ സൗജന്യ മെഗാ ക്യാമ്പ് ഡിസംബര്‍ 27ന് നടക്കും. രാവിലെ 9 മുതല്‍ ജില്ലയിലെ അസംഘടിത തൊഴിലാളികള്‍ക്ക് ഇ-ശ്രം രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഡിസംബര്‍ 31-ന് രജിസ്‌ട്രേഷന്‍ അവസാനിക്കാനിരിക്കെയാണ് പരമാവധി തൊഴിലാളികളെ ഗുണഭോക്താക്കളാക്കുക എന്ന ലക്ഷ്യത്തോടെ മെഗാ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
രജിസ്‌ട്രേഷന് വരുന്ന തൊഴിലാളികള്‍ ആധാര്‍ കാര്‍ഡ് നമ്പര്‍, മൊബൈല്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ കൊണ്ടുവരണം.16 നും 59 നും ഇടയില്‍ പ്രായമുള്ള ഇ.എസ്.ഐ., ഇ.പി.എഫ് അര്‍ഹതയില്ലാത്തതും, ഇന്‍കം ടാക്‌സ് പരിധിയില്‍ വരാത്തതുമായ എല്ലാ അസംഘടിത തൊഴിലാളികള്‍ക്കും ഇ-ശ്രം രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.
സ്വയം തൊഴില്‍ ചെയ്യുന്നവര്‍, തൊഴിലുറപ്പ് ജോലി ചെയ്യുന്നവര്‍, നിര്‍മ്മാണ തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, ചെറുകിട കച്ചവടക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കനവാടി പ്രവര്‍ത്തകര്‍, മത്സ്യ തൊഴിലാളികള്‍, ക്ഷീര കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, വീട്ടു ജോലിക്കാര്‍, തടിപ്പണിക്കാര്‍, ബീഡി തൊഴിലാളികള്‍, പത്ര ഏജന്റുമാര്‍, ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍, തയ്യല്‍ തൊഴിലാളികള്‍, അതിഥി തൊഴിലാളികള്‍, ക്വാറി തൊഴിലാളികള്‍ തുടങ്ങി ഇ.പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ ഇല്ലാത്ത, ഇന്‍കം ടാക്‌സ് പരിധിയില്‍ വരാത്ത എല്ലാ അസംഘടിത തൊഴിലാളികള്‍ക്കും ഇ-ശ്രം രജിസ്‌ട്രേഷന്‍ നടത്താം.
ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ കാര്‍ഡ് ലഭിക്കും. ഇതുവഴി കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതി പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും, പ്രധാന്‍ മന്ത്രി സുരക്ഷാ ഭീമാ യോജന പ്രകാരം അപകട ഇന്‍ഷൂറന്‍സ് ആയി 2 ലക്ഷം രൂപയും ദേശീയ അടിയന്തിരാവസ്ഥയിലും ദേശീയ ദുരന്ത ഘട്ടങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.
മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്ക് register.eshram.gov.in എന്ന വെബ് സൈറ്റ് വഴി സ്വയം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ അക്ഷയ കേന്ദ്രങ്ങള്‍/കോമണ്‍ സര്‍വ്വീസ് കേന്ദ്രങ്ങള്‍ (CSC)/ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് എന്നിവ വഴി സൗജന്യമായി e-SHRAM Portal-ല്‍ രജിസ്റ്റര്‍ ചെയ്യാം.