ജനുവരി മൂന്നുമുതൽ 15 വയസിന് മുകളിലുള്ള കുട്ടികൾക്ക് വാക്സിൻ, ആരോഗ്യപ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ്, സുപ്രധാന പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി
ന്യൂഡൽഹി :രാജ്യത്ത് കുട്ടികൾക്കുള്ള വാക്സിനേഷൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, രാത്രി 9.45ന് അടിയന്തരമായി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയത്. ജനുവരി മൂന്നുമുതൽ 15നും 18നും ഇടയിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകിത്തുടങ്ങുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങളുള്ള അറുപത് വയസിനു മുകളിലുള്ളവർക്കും കൊവിഡ് മുന്നണി പോരാളികൾക്കും ബൂസ്റ്റർ ഡോസ് നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു ജനുവരി 10 മുതലാണ് ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങുന്നത്.
കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപനത്തിനെതിരെ രാജ്യത്ത് ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും നരേന്ദ്ര മോദി പറഞ്ഞു. ഒമിക്രോണിൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. വാക്സിന്റെ കരുതൽ ശേഖരം ലഭ്യമാണ്. വ്യാപനത്തെ നേരിടാൻ മുന്നൊരുക്കങ്ങൾ ആരംഭിക്കണം. കുട്ടികൾക്കായി 90,000 കിടക്കകൾ തയാറാണ്. രാജ്യത്തെ 90 ശതമാനം പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. ഓക്സിജൻ സൗകര്യമുള്ള അഞ്ചു ലക്ഷം കിടക്കകൾ രാജ്യത്തുണ്ടെന്നും മോദി പറഞ്ഞു.തദ്ദേശീയമായി വികസിപ്പിച്ച നേസൽ വാക്സിനും ഡി.എന്‍.എ വാക്സിനും വൈകാതെ ലഭ്യമാകും. ഉത്തരാഖണ്ഡും ഹിമാചൽ പ്രദേശും ഗോവയും ഒന്നാം ഡോസ് വാക്സിനേഷൻ പൂർത്തീകരിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.