സ്വര്‍ണപ്പണിക്കാരന്റെ കൈയ്യില്‍ നിന്നും 30 ലക്ഷം തട്ടിയ പ്രതികൾ പാണ്ടിക്കാട് പോലീസിന്റെ പിടിയിൽ
മലപ്പുറം: സ്വർണാഭരണ ശുദ്ധീകരണ തൊഴിലാളിയുടെ ബൈക്കിൽ നിന്ന് 30 ലക്ഷം രൂപയുടെ സ്വർണം കവർന്ന സംഭവത്തിൽ മുഖ്യപ്രതികൾ പാണ്ടിക്കാട് പോലീസിന്റെ പിടിയിൽ. എടവണ്ണ പന്നിപ്പാറ സ്വദേശി ശിഹാബ് (45) കുന്നുമ്മൽ സ്വദേശി പാലപ്പറ്റ പ്രജിത്ത് എന്ന ജിത്തു (31) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മലപ്പുറം പാണ്ടിക്കാട് ടൗണിൽ സ്വർണാഭരണങ്ങൾ ശുദ്ധീകരിക്കുന്ന സ്ഥാപനം നടത്തുന്ന മഹാരാഷ്ട്ര സ്വദേശി കിഷോറിന്റെ 400 ഗ്രാമോളം തൂക്കം വരുന്ന സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. വീട്ടിലേക്ക് പോകും വഴി സാധനങ്ങള്‍ വാങ്ങാനായി ബൈക്ക് ഒതുക്കിയ ശേഷം ഇറങ്ങിയിരുന്നു. ഈ സമയമാണ് സ്വര്‍ണം മോഷണം പോയത്.
സംഭവത്തിൽ പാണ്ടിക്കാട് സ്വർണ്ണ പണി നടത്തുന്ന പടിഞ്ഞാറയിൽ ജയപ്രകാശ് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും പോലീസ് ചോദ്യം ചെയ്യലിലുമാണ് മുഖ്യപ്രതികളെക്കുറിച്ച് സൂചന ലഭിക്കുന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതികൾ പോലീസിൻറെ വലയിലായത്. പരാതിക്കാരന്റെ സമീപത്തുള്ള മറ്റൊരു കടയില്‍ തന്നെയാണ് ജയപ്രകാശുമുള്ളത്. ഇരുവരും തമ്മില്‍ പരിചയവുമുണ്ട്. ജയപ്രകാശ്, ഭാര്യാ സഹോദരന്‍ പ്രജിത്ത്, സുഹൃത്ത് ഷിഹാബ് എന്നിവര്‍ ആസൂത്രണം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമാവുകയായിരുന്നു. പരാതിക്കാരന്‍ രാത്രിയില്‍ പോകുന്ന വഴികള്‍ ഉള്‍പ്പെടെ പ്രതികള്‍ നിരീക്ഷിച്ച് വരികയായിരുന്നു.
കിഷോർ കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിന്തുടർന്നാണ് പ്രതികൾ മോഷണം നടത്തിയത്. പാണ്ടിക്കാട് എസ്എച്ച്ഒ കെ റഫീഖ്, എസ് ഐ അരവിന്ദ്,സിപിഒമാരായ മൻസൂർ, അശോകൻ, ശൈലേഷ്, വിതിഷ്,ജയൻ ,മിർഷാദ്, രജീഷ് ദീപക് ഷമീർ ശ്രീജിത്ത് ഹകീം ചെറുകോട്, സന്ദീപ് ഷൈജു മോൻ, ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘത്തിലെ സി പി മുരളീധരൻ, പ്രശാന്ത് പയ്യനാട്, കൃഷ്ണകുമാർ, മനോജ് കുമാർ, ദിനേശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ വലയിലാക്കിയത്.