പുതുവർഷം; സേവനങ്ങൾക്ക് ചെലവേറും
കൊച്ചി: പുതുവർഷത്തിൽ രാജ്യത്തെ പ്രധാന സേവനങ്ങൾക്കെല്ലാം ചെലവേറും. ജനുവരി ഒന്ന് മുതൽ ബാങ്കിങ് സേവനങ്ങൾക്കും വിമാന യാത്രകൾക്കും ടെലികോം സേവനങ്ങൾക്കും തുടങ്ങിയവയ്ക്കെല്ലാം ഉപഭോക്താക്കൾ കൂടുതൽ പണം ചെലവഴിക്കേണ്ടി വരും. ഇതോടൊപ്പം ചരക്ക് സേവന നികുതിയിലും വരുമാന നികുതി ഇനത്തിലും അധിക ബാധ്യതയുണ്ടാവാനും സാധ്യതയേറി.
ബാങ്ക് ഉപഭോക്താക്കൾ അനുവദനീയമായതിലും കൂടുതൽ എടിഎം ഇടപാടുകൾ നടത്തുമ്പോൾ അധിക ചാർജ് ഈടാക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നൽകിയിട്ടുണ്ട്. 2022 ജനുവരി ഒന്നു മുതൽ അധിക എടിഎം ഇടപാടുകൾക്ക് ഓരോന്നിനും 21 രൂപ വീതം ബാങ്കുകൾ ഈടാക്കും. തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങി നിരവധി ഉത്പന്നങ്ങളുടെ ചരക്ക് സേവന നികുതി കേന്ദ്ര സർക്കാർ ജനുവരി ഒന്ന് മുതൽ വർധിപ്പിച്ചിട്ടുണ്ട്. ഈ ഉത്പന്നങ്ങളുടെ ചരക്ക് സേവന നികുതി അഞ്ച് ശതമാനത്തിൽ നിന്നും 12 ശതമാനമായാണ് ഉയർത്തിയത്. പോസ്റ്റ് ഓഫിസിൽ നടത്തുന്ന ഇടപാടുകൾക്കും ശനിയാഴ്ച മുതൽ കൂടുതൽ പണം നൽകേണ്ടി വരും.
ഈ വർഷം ആദ്യം മുതൽ വിമാന കമ്പനികളെല്ലാം ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധി നേരിട്ട മുൻനിര വിമാന കമ്പനികൾ ടിക്കറ്റ് ചാർജ് കൂട്ടാതെ മുന്നോട്ട് പോകാനാവില്ലെന്ന നിലപാടിലാണ്. എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതോടെ വ്യോമയാന മേഖലയിലും കാർട്ടൽ രൂപം കൊള്ളുകയാണെന്ന് ട്രാവൽ ആൻഡ് ടൂറിസം മേഖലയിലുള്ളവർ പറയുന്നു. ഉയർന്ന നികുതികളും ഇന്ധന വിലയിലെ വർധനയും ഇനിയും നഷ്ടം സഹിച്ച് കുറഞ്ഞ ചെലവിൽ ടിക്കറ്റുകൾ നൽകാൻ കഴിയില്ലെന്നും കമ്പനികൾ വ്യക്തമാക്കുന്നു.
ടെലികോം മേഖലയിൽ മുൻനിര കമ്പനികളുടെ എണ്ണം കേവലം നാലായി ചുരുങ്ങിയതോടെ മൊബൈൽ നിരക്കും മുകളിലേക്ക് നീങ്ങുകയാണ്. ഈ വർഷം പ്രീ പെയ്ഡ് ഉപഭോക്താക്കളുടെ വിവിധ പ്ലാനുകളുടെ നിരക്ക് ഉയർത്താതെ മാർഗമില്ലെന്ന് എയർടെല്ലും വൊഡഫോൺ ഐഡിയയും വ്യക്തമാക്കിയിട്ടുണ്ട്. വാഹന വിപണിയിൽ ടാറ്റ മോട്ടോഴ്സും മാരുതി സുസുക്കിയും ഉൾപ്പെടെയുള്ള മുൻനിര കമ്പനികളെല്ലാം അടുത്ത വർഷത്തിന്റെ തുടക്കത്തിൽ വിവിധ മോഡലുകളിലുള്ള കാറുകൾക്ക് വില വർധിപ്പിക്കും. അസംസ്കൃത സാധനങ്ങളുടെ വിലയിലുണ്ടായ അഭൂതപൂർവമായ വിലക്കയറ്റം കണക്കിലെടുത്ത് അധിക ബാധ്യതയുടെ ഒരു ഭാഗം ഉപഭോക്താക്കൾക്ക് കൈമാറാനാണ് കമ്പനികളുടെ തീരുമാനം. സൊമാറ്റോ, സ്വിഗി തുടങ്ങിയ ഭക്ഷ്യ ഉത്പന്ന ഡെലിവറി പ്ലാറ്റ്ഫോമുകളിൽ നിന്നും ചരക്ക് സേവന നികുതി ഈടാക്കാനുള്ള തീരുമാനം ഭക്ഷണ സാധനങ്ങളുടെ വിലയും ഉയർത്താൻ ഇടയുണ്ട്.