ഒടുവില്‍ പിതാവെത്തി; യുപിക്കാരി പുഷ്പ 9 വര്‍ഷത്തിനുശേഷം നാട്ടിലേക്ക് മടങ്ങും

തവനൂര്‍: വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ തവനൂര്‍ റസ്‌ക്യു ഹോമില്‍ താമസിക്കുന്ന പുഷ്പ ഇന്ന് വൈകീട്ട് നാട്ടിലേക്ക് തിരിക്കും. നാട്ടില്‍ നിന്നെത്തിയ പിതാവിനൊപ്പമാണ് മടക്കയാത്ര. ഉത്തര്‍പ്രദേശിലെ ഡയറിയ ജില്ലയിലെ ഗര്‍മര്‍ സ്വദേശിയായ പുഷ്പ 9 വര്‍ഷമായി റസ്‌ക്യു ഹോമില്‍ താമസിച്ചുവരികയാണ്.

രക്ഷിതാക്കളെ കണ്ടെത്താനുമുള്ള നിരന്തര പരിശ്രമം മെയ് മാസത്തിലാണ് സാധ്യമായത്. മാനസിക വെല്ലുവിളികള്‍ നേരിടുന്ന പുഷ്പയെ മുംബൈ സെന്‍ട്രല്‍ റെയില്‍വെ സ്‌റ്റേഷനില്‍ വെച്ച് 2005ല്‍ കാണാതാവുകയായിരുന്നു. തുടര്‍ന്നാണ് എങ്ങനെയോ തവനൂര്‍ അഭയകേന്ദ്രത്തിലെത്തിയത്.

ഇന്ന് വൈകിട്ട് 4 മണിയ്ക്കുള്ള ട്രയിനിലാണ് യാത്ര. രണ്ടു പേര്‍ക്കുമുള്ള തേര്‍ഡ് എ സി ടിക്കറ്റും വീട് വരെ എത്താനുള്ള ഭക്ഷണമടക്കമുള്ള ചെലവും വനിത ശിശു വികസന വകുപ്പ് വഹിക്കും.